Latest NewsIndia

ഗജവീരൻ ബ്രഹ്മദത്തൻ തന്നെ വർഷങ്ങളോളം നോക്കിയ പാപ്പാന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തി: പൊട്ടിക്കരഞ്ഞ് നാട്ടുകാർ

ആശാൻ എന്നു വിളിച്ചിരുന്ന ഓമനച്ചേട്ടൻ അസുഖബാധിതനാകുന്നതുവരെയും അവന്‍റെ ഓരോ ചലനങ്ങൾക്കുമൊപ്പമായിരുന്നു.

കോട്ടയം: കാൽ നൂറ്റാണ്ടോളം ബ്രഹ്മദത്തന്‍റെ നിഴലായിരുന്നു ഓമനച്ചേട്ടൻ. ആനപ്രേമികൾക്കിടയിൽ പ്രിയങ്കരനായ പാപ്പാൻ ബ്രഹ്മദത്തൻ എന്ന ആനയെ സ്വന്തം മകനെ പോലെ പരിപാലിച്ച കോട്ടയം കൂരോപ്പട കുന്നക്കാട്ടിൽ ദാമോദരൻ നായർ എന്ന ഓമനച്ചേട്ടൻ(73) അന്തരിച്ചു. തന്‍റെ പ്രിയപ്പെട്ട ഓമനച്ചേട്ടനെ അവസാനമായി കാണാനെത്തുന്ന പല്ലാട്ട് ബ്രഹ്മദത്തന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാണ്.

സംസ്ക്കാരത്തിനായി കിടത്തിയിരുന്ന ഓമനച്ചേട്ടന്‍റെ മൃതദേഹത്തെ തുമ്പിക്കൈ കൊണ്ട് വണങ്ങുന്ന ബ്രഹ്മദത്തൻ കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. അത്രയും നേരം അവരുടെ ഉളളിലുണ്ടിയിരുന്ന സങ്കടം അടക്കാനാവാത്ത നിലവിളിയായി. ഓമനച്ചേട്ടൻ പാപ്പാനായിട്ട് ആറു പതിറ്റാണ്ടായി. ഇതിൽ ഇരുപത്തിനാല് വർഷത്തിലേറെ ബ്രഹ്മദത്തനൊപ്പം. നേരത്തെ പുതുപ്പള്ളി ബ്രഹ്മദത്തൻ എന്നറിയപ്പെട്ടിരുന്ന ആന ഇപ്പോൾ പാലാ ഭരണങ്ങാനം അമ്പാറ പല്ലാട്ട് രാജേഷ് മനോജ് എന്നിവരുടെ ഉടമസ്ഥതയിലാണ്.

അവിടെ നിന്നാണ് ബ്രഹ്മദത്തൻ കൂരോപ്പടയിലെത്തിയത്. ഇത്ര ഇണക്കമുള്ള ആനയും പാപ്പാനും വേറെയുണ്ടായിട്ടില്ലെന്ന് ആനപ്രേമികളുടെ പക്ഷം.പാപ്പാൻമാരുടെ കാരണവരായിരുന്നു ഓമനച്ചേട്ടൻ. പ്രായം തളർത്താത്ത പോരാളിയെന്നാണ് അദ്ദേഹം ആനപ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. വാർദ്ധക്യമായിട്ടും അദ്ദേഹം ബ്രഹ്മദത്തനൊപ്പം നിന്നു. ആശാൻ എന്നു വിളിച്ചിരുന്ന ഓമനച്ചേട്ടൻ അസുഖബാധിതനാകുന്നതുവരെയും അവന്‍റെ ഓരോ ചലനങ്ങൾക്കുമൊപ്പമായിരുന്നു.

ബ്രഹ്മദത്തനുമൊപ്പം ഒരിക്കലും മറക്കാനാകാത്ത ഓർമകൾ മുമ്പ് ഓമനച്ചേട്ടൻ പങ്കുവെച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് 2003 മാർച്ച് 23ന് തൃശൂർ തൃത്തല്ലൂർ പൂരത്തിനിടെ ഉണ്ടായ സംഭവം. അന്ന് ഗുരുവായൂർ ജൂനിയർ വിഷ്ണു എന്നറിയപ്പെടുന്ന ആന അദ്ദേഹത്തെ തട്ടിയിട്ടു. അത് കണ്ട് ബ്രഹ്മദത്തൻ അവനെ കുത്തിമാറ്റി. ഇല്ലായിരുന്നെങ്കിൽ…. ഒരിക്കലും അത് മറക്കാനാകില്ലെന്ന് ഓമനച്ചേട്ടൻ ഇടയ്ക്കിടെ പറയുമായിരുന്നു.

ഇപ്പോൾ ഓമനച്ചേട്ടനെ അവസാനമായി കാണാനെത്തിയ ബ്രഹ്മദത്തൻ, കുറച്ചു നിമിഷത്തേക്ക് തന്‍റെ പ്രിയപ്പെട്ട പാപ്പാനെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. അപ്പോൾ ഓമനച്ചേട്ടന്‍റെ മകൻ രാജേഷ് എത്തി, ബ്രഹ്മദത്തന്‍റെ കൊമ്പിൽ പിടിച്ചു കരഞ്ഞു. പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി ഓമനച്ചേട്ടനെ നോക്കി തുമ്പിക്കൈ കൊണ്ടു വണങ്ങി. ഇത് കണ്ടുനിന്നവരുടെ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു.
വീഡിയോ കാണാം:

shortlink

Post Your Comments


Back to top button