ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിതീവ്രമായിരിക്കുമെന്ന മുന്നറിയിപ്പുമായി എസ് ബി ഐ. 98 ദിവസത്തോളം മൂന്നാം തരംഗം നീണ്ട് നില്‍ക്കുമെന്നും എസ് ബി ഐ റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേസമയം കോവിഡ് മരണങ്ങള്‍ മൂന്നാം തരംഗത്തില്‍ കുറവായേക്കാം. കാരണം ഈ സമയത്തിനുളളില്‍ നിരവധി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തതും ആരോഗ്യ സംവിധാനങ്ങള്‍ വികസിപ്പിച്ചതും മൂന്നാം തരംഗത്തില്‍ മരണസംഖ്യ കുറയുന്നതിന് കാരണമാവും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൂന്നാം തരംഗത്തെ നേരിടാനുളള തയ്യാറെടുപ്പുകള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഓക്‌സിജന്‍ ക്ഷാമത്താലോ ഐസിയു കിടക്കകള്‍ ലഭിക്കാതെയോ മറ്റോ ഗുരുതര രോഗികള്‍ മരിക്കുന്ന സാഹചര്യം ഒഴിവാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ വികസിത രാജ്യങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ ഏകദേശ കാലയളവ് 108 ദിവസങ്ങള്‍ ആണെങ്കില്‍ മൂന്നാം തരംഗം 98 ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്നതാവും എന്നാണ് 5 പേജുകളുളള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് വാക്‌സിനേഷനും മികച്ച ആരോഗ്യസംവിധാനങ്ങളും കാരണം ഗുരുതര കൊവിഡ് കേസുകളുടെ എണ്ണം 20 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറയാന്‍ സാധ്യത ഉണ്ടെന്നും മരണസംഖ്യ ഏതാണ്ട് നാല്‍പ്പതിനായിരം ആയേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൂന്നാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടാന്‍ സാധ്യത കുട്ടികള്‍ക്ക് ആണെന്നിരിക്കെ 12നും 18നും ഇടയില്‍ പ്രായമുളളവര്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്നും ജാഗ്രത കൈവെടിയരുതെന്നും എസ് ബി ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments