ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ’50 ഡേയ്‌സ് ടു ടോക്കിയോ ഒളിംപിക്‌സ്’ എന്ന പേരില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ യോഗത്തിലാണ് അദ്ദേഹം ഇന്ത്യന്‍ സംഘത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഒളിംപിക്‌സ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഒളിമ്പിക്‌സിന് പുറപ്പെടുന്നതിന് മുന്നോടിയായി ഇന്ത്യന്‍ സംഘവുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ പ്രതിനിധിയായി ഇന്ത്യയുടെ താരങ്ങള്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കാനാണിതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിനിടയിലും താരങ്ങളുടെ പരിശീലനം മുടങ്ങാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍, ഒളിംപിക്‌സിനുള്ള മുന്നൊരുക്കങ്ങള്‍, കായിക താരങ്ങളുടെ വാക്‌സിനേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. 11 കായിക ഇനങ്ങളിലാണ് ഇന്ത്യ മാറ്റുരയ്ക്കുക. ഇതിനായി 190 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തലവന്‍ നരീന്ദര്‍ ബാത്ര അറിയിച്ചു.
Post Your Comments