ആലുവ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായ ഇബ്രാഹിം ബാദുഷ (37) നിര്യാതനായി. കോവിഡ് നെഗറ്റീവായശേഷം ആലുവ ജില്ലാ ആശുപത്രിയില്‍ ന്യുമോണിയ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇബ്രാഹിം ബാദുഷ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കാര്ട്ടൂണുകള് ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. രണ്ടാഴ്ചയായി ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാദുഷ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു മരണം.
കാര്ട്ടൂണുകള് ജനമധ്യത്തിലിരുന്ന് വരയ്ക്കുന്ന ശൈലിയും ലൈവ് കാര്‍ട്ടൂണുകളെ ബോധവല്കരണങ്ങള്ക്ക് ഉപയോഗിക്കുന്ന രീതിയുമാണ് ബാദുഷയെ വ്യത്യസ്തനാക്കിയത്. ‘കാര്‍ട്ടൂണ്‍മാന്‍ ബാദുഷ’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. കാര്‍ട്ടൂണുകളെ ബോധവല്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി മാറ്റി ജനകീയനായ ബാദുഷ കീഴടങ്ങിയത് കൊറോണയ്ക്കെതിരേ നിരവധി ബോധവത്കരണ ചിത്രങ്ങള്‍ വരച്ചുകൂട്ടിയശേഷമാണ്, ലോക്ഡൗണ്‍ സമയത്തും ബാദുഷയുടെ ബ്രഷിന് വിശ്രമമുണ്ടായിരുന്നില്ല.
പ്രളയാനന്തരം ആലുവ റെയില്‍വേ സ്റ്റേഷനില്‍ തത്സമയ കാരിക്കേച്ചര്‍ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയും മാതൃകയായി. കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അടക്കം നിരവധി കാര്‍ട്ടൂണിസ്റ്റുകളെ ആലുവയില്‍ എത്തിച്ചായിരുന്നു പരിപാടി നടത്തിയത്.
കാര്ട്ടൂണുകള് തയാറാക്കി ഡിജിറ്റല്‍ രൂപത്തിലാക്കി ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് ബാദുഷ ചെയ്തിരുന്നത്.
പ്രശസ്ത ഹിന്ദി, തമിഴ്, തെലുങ്ക്, മലയാള സിനിമാ താരങ്ങള്‍ക്ക് അവരുടെ കാര്ട്ടൂണുകള് തയാറാക്കി നല്‍കിയിട്ടുണ്ട്. അതിപ്രശസ്തരും സാധാരണക്കാരനും ഒരേ പോലെ ബാദുഷയുടെ വരകളുടെ സൗഭാഗ്യം ലഭിച്ചവരാണ്. ആലുവ തോട്ടുംമുഖം കല്ലുങ്കല്‍ വീട്ടില്‍ പരേതനായ ഹംസയുടെ മകനാണ്. കീരംകുന്ന് ശിവഗിരി വിദ്യാനികേതന്‍ സ്കൂളിനടുത്തായിരുന്നു താമസം. ഭാര്യ: ഫസീന. മക്കള്‍: ഫനാന്, ഐഷ, അമാന്‍.
Post Your Comments