NattuvarthaLatest NewsArticleKeralaNewsEditorialWriters' Corner

ബജറ്റ്; കടമെടുപ്പ് പ്രതീക്ഷിച്ച് സർക്കാർ അഭിമാന പദ്ധതികൾ പ്രഖ്യാപിക്കുമോ? ആശങ്കയിൽ ജനം

അതേസമയം, അധികാരമേറ്റ് രണ്ടാഴ്ചയ്ക്കകം രണ്ട് തവണയാണ് സർക്കാർ കടമെടുപ്പ് നടത്തിയത്

വെള്ളിയാഴ്ചയാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റ്. സർക്കാരിന്റെ തുടർഭരണം നടക്കുന്നതിനാലും, ഖജനാവ് അടിമുടി കടത്തിൽ മുങ്ങിയിരിക്കുന്നതിനാലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്റെ കന്നി ബജറ്റിൽ പുതിയ പദ്ധതികൾ എന്തെങ്കിലും പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കേണ്ടതില്ല. മുൻപ് പ്രഖ്യാപിച്ച പദ്ധതികളുടെ പൂർണ്ണതയായിരിക്കും സർക്കാർ ലക്ഷ്യമിടുന്നത്.

നവകേരള സൃഷ്ടി എന്ന എൽ.ഡി. എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനത്തിൽ ഊന്നിയ ബജറ്റാകും കെ.എൻ. ബാലഗോപാലിന്റേത്. പുതിയ പദ്ധതികൾക്കും, നിലവിൽ പൂർത്തിയാകാനുള്ളവയ്ക്കും ഉള്ള ധന സമാഹരണം സർക്കാരിന് വലിയ തലവേദനയായി മാറുമെന്ന് ഉറപ്പാണ്. നിലവിലുള്ള പൊതു കടത്തിന്റെ പലിശഭാരവും, കോവിഡ് മാന്ദ്യം മൂലമുള്ള നികുതി വരവിലെ കുറവും നേരിടുന്ന സർക്കാരിന്റെ സാമ്പത്തിക സമീപനം എന്തായിരിക്കുമെന്ന് കണ്ടറിയണം.

വരവ് വർധിപ്പിക്കാൻ നികുതി കൂട്ടുന്നത് കോവിഡ് പ്രതിസന്ധി മൂലം വരുമാനം നഷ്ടപ്പെട്ടിരിക്കുന്ന സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായ വെല്ലുവിളിയാകും. ലോക്ക്ഡൗൺ മൂലം ലോട്ടറി, മദ്യം എന്നിവയിലൂടെയുള്ള വരുമാനം നിലച്ചതും സർക്കാരിനെ വലയ്ക്കുന്നുണ്ട്. ബജറ്റിൽ മാനവശേഷി വികസനത്തിനായി വ്യാവസായിക, വാണിജ്യ, കാർഷിക ആവശ്യങ്ങൾക്ക് സബ്‌സിഡികൾ പ്രഖ്യാപിച്ചുകൊണ്ട് ബാങ്ക് വായ്പകൾ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കണം. ഇത് സർക്കാർ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുന്നതിന് ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

നിർമ്മാണ മേഖലയിൽ വൻ പ്രതിസന്ധിയാണ് തുടരുന്നത്. നിർമ്മാണ സാമഗ്രികൾക്ക് ദിവസേന വിലവർധിക്കുന്നത് ലോക്ക്ഡൗൺ പ്രതിസന്ധിക്കൊപ്പം മേഖലയിൽ വൻ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരു ചാക്ക് സിമിന്റിന് 70 മുതൽ 100 രൂപയോളം വർധിച്ചു. കമ്പിക്കും മറ്റ് അനുബന്ധ സാമഗ്രികൾക്കും വൻ തോതിലാണ് വില വർധിച്ചത്. ഭവന രഹിതർക്ക് വീട് വെക്കുന്നതിനുള്ള സർക്കാറിന്റെ ലൈഫ് മിഷൻ പദ്ധതിയെയും ഇത് സാരമായി ബാധിക്കും.

കാർഷിക മേഖലയും സർക്കാർ ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ഇരിക്കുകയാണ്. കാർഷികോൽപ്പന്ന വിപണിയിൽ കോവിഡ് മൂലമുണ്ടായ തകർച്ച പരിഹരിക്കുന്നതിന് ബജറ്റ് സഹായകമാകും എന്നാണ് കർഷകരുടെ പ്രതീക്ഷ. കടുത്ത വരൾച്ചയും, അടിക്കടിയുണ്ടാകുന്ന കാറ്റും, മഴയും, വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് സഹായധനവും ശാശ്വത പരിഹാരവും കർഷകർ തേടുന്നുണ്ട്. കിലോഗ്രാമിന് 250 രൂപ എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ബജറ്റിൽ പാലിക്കുമെന്ന വിശ്വാസത്തിലാണ് റബ്ബർ കർഷകർ.

അതേസമയം, അധികാരമേറ്റ് രണ്ടാഴ്ചയ്ക്കകം രണ്ട് തവണയാണ് സർക്കാർ കടമെടുപ്പ് നടത്തിയത്. ജൂൺ മാസത്തെ ശമ്പളവും പെൻഷനും നൽകാനായി 1000 കോടിയാണ് കഴിഞ്ഞദിവസം സർക്കാർ കടമെടുത്തത്. സർക്കാരിന്റെ അഭിമാന പദ്ധതികളായി പുതിയ പ്രഖ്യാപനങ്ങൾ എന്തെങ്കിലും ഉണ്ടായാൽ പൊതുകടം വർധിക്കുന്നതിന്റെ ബാധ്യതയും ചുമലിലാകും എന്ന ആശങ്കയിലാണ് സാധാരണക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button