ടെല്‍ അവീവ്: ഇസ്രയേലിന് ഇനി പുതിയ പ്രസിഡന്റ് . പ്രമുഖ രാഷ്ട്രീയ നേതാവ് ഐസക് ഹെര്‍സോഗ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. റിവന്‍ റിവിലിന്‍ അടുത്ത മാസം കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനായിരുന്നു ഹെര്‍സോഗ്. 2013ല്‍ പ്രതിപക്ഷ നേതാവായിരിക്കെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് മല്‍സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇസ്രായേലിലെ പ്രമുഖ സയണിസ്റ്റ് കുടുംബാംഗമാണ് 60കാരനായ ഹെര്‍സോഗ്. പിതാവ് ചയാം ഹെര്‍സോഗ് മുന്‍ പ്രസിഡന്റും ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ അംബാസഡറുമാണ്. അമ്മാവന്‍ അബ്ബ ഇബാന്‍ ഇസ്രായേലിലെ പ്രഥമ വിദേശകാര്യ മന്ത്രിയാണ്. ഐക്യരാഷ്ട്രസഭയിലും അമേരിക്കയിലും ഇസ്രായേല്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട് അബ്ബ. ഇസ്രായേലിലേക്ക് ജൂത കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ജൂവിഷ് ഏജന്‍സിയുടെ മേധാവിയായിരുന്നു ഐസക് ഹെര്‍സോഗ്.
ഇസ്രായേലിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമാണ് ഇദ്ദേഹത്തിന്. അതുകൊണ്ടുതന്നെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം എളുപ്പമായത്. വലിയ അധികാരങ്ങളില്ലാത്ത അലങ്കാര പദവിയാണ് ഇസ്രായേലില്‍ പ്രസിഡന്റിനുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുക പ്രസിഡന്റാണ്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാല് പൊതു തിരഞ്ഞെടുപ്പ് ഇസ്രായേലില്‍ നടന്നെങ്കിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതിനാല്‍ സര്‍ക്കാര്‍ രൂപീകരണം അസാദ്ധ്യമായി തുടര്‍ന്നു. ഇപ്പോഴത്തെ സര്‍ക്കാരിനും വെല്ലുവിളിയുണ്ട്. നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയം നല്‍കിയെങ്കിലും സാധ്യമായില്ല. ഇപ്പോള്‍ പ്രതിപക്ഷ നേതാവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം നല്‍കിയിരിക്കുകയാണ്. അദ്ദേഹത്തിനും സാധിച്ചില്ലെങ്കില്‍ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ആരാണ് രാജ്യത്തെ പുതിയ സ്ഥിരം പ്രധാനമന്ത്രി എന്നാണ് ഇനി അറിയേണ്ടത്.
Post Your Comments