ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ബ്ലാക്ക് ഫംഗസ് കേസുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി എത്തിയത്. ബ്ലാക്ക് ഫംഗസ് രോഗികളുടെ ചികിത്സയ്ക്ക് വേണ്ട മരുന്നുകളുടെ കുറവ് പരിഹരിക്കാന്‍ എന്താണ് സര്‍ക്കാര്‍ ഇതുവരെ ചെയ്തതെന്നാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ രാഹുല്‍ ഗാന്ധി ചോദിക്കുന്നത്.
ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ‘ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തമാക്കണം – 1. ആംഫോട്ടെറിസിന്‍ ബി മരുന്ന് ക്ഷാമം പരിഹരിക്കാന്‍ എന്താണ് ചെയ്യുന്നത്? 2. ഈ മരുന്ന് രോഗിക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം എന്താണ്? 3. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ കൊണ്ട് ജനങ്ങള്‍ ഇങ്ങനെ ബുദ്ധിമുട്ടേണ്ടിവരുന്നത് എന്തുകൊണ്ടാണ്?’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കൊവിഡിന്റെ രണ്ടാം വരവിലാണ് ബ്ലാക് ഫംഗസ് രോഗബാധ രാജ്യത്ത് പടര്‍ന്നുപിടിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, തമിഴ്നാട്, ബീഹാര്‍ എന്നിവയുള്‍പ്പെടെ പല സംസ്ഥാനങ്ങളും 1897 ലെ പകര്‍ച്ചവ്യാധി നിയമപ്രകാരം ബ്ലാക്ക് ഫംഗസിനെ ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു.
Post Your Comments