തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്പോഴും മരണനിരക്ക് ഉയരുന്നത് ആശങ്കയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായ 14-ാം ദിവസമാണ് കേരളത്തിലെ പ്രതിദിന കോവിഡ് മരണസംഖ്യ മൂന്നക്കം കടക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 9000 കടന്നു. 9009 പേരാണ് കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തല്‍. മരണസംഖ്യ കുറയാന്‍ സമയമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ പറഞ്ഞിരുന്നു.
ഈ മാസം 19-ാം തീയതിയാണ് സംസ്ഥാനത്ത് ആദ്യമായി നൂറിന് മുകളില്‍ മരണം രേഖപ്പെടുത്തിയത്. 112 പേര്‍ക്കാണ് 19ന് ജീവന്‍ നഷ്ടമായത്. പിന്നീട് കേരളത്തിലെ കോവിഡ് മരണത്തിന്റെ ഗ്രാഫ് താഴ്ന്നിട്ടില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. പലപ്പോഴും മരണസംഖ്യ 200ന് അടുത്ത് എത്തിയിരുന്നു. ഒരു ദിവസം 198 പേര്‍ മരിച്ചതാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്.
Post Your Comments