മുംബൈ: മഹാ വികാസ് അഘാടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപി. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ എത്തിയ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഉറക്കം കെടുത്തിയിരുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു പ്രമുഖ എന്‍സിപി നേതാവിന്റെ വസതിയിലും ഫട്‌നാവിസ് എത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ബിജെപി വിട്ട് എന്‍സിപിയില്‍ ചേക്കേറിയ ഏക്‌നാഥ് ഖഡ്‌സെയുടെ വസതിയിലെത്തിയ ഫഡ്‌നാവിസ് ഏക്‌നാഥിന്റെ മരുമകളും രവേര്‍ എംപിയുമായ രക്ഷ ഖഡ്‌സെയുമായാണ് ചര്‍ച്ച നടത്തിയത്. ജല്‍ഗാവോണിലെ വസതിയിലെത്തിയാണ് ഫട്‌നാവിസ് രക്ഷ ഖഡ്‌സെയുമായി കൂടിക്കാഴ്ച നടത്തിയത്. മണ്‍സൂണിന് മുന്നോടിയായി കര്‍ഷകരുമായി ആശയവിനിമയം നടത്താനായാണ് ഫട്‌നാവിസ് ജല്‍ഗാവോണില്‍ എത്തിയത്.
കഴിഞ്ഞ ദിവസം ശരദ് പവാറുമായി ഫട്‌നാവിസ് നടത്തിയ കൂടിക്കാഴ്ച സഖ്യ സര്‍ക്കാരിന് തലവേദനയായിരുന്നു. മുംബൈയിലെ വസതിയിലെത്തിയാണ് ഫട്‌നാവിസ് ശരദ് പവാറിനെ കണ്ടത്. ശരദ് പവാറുമായി സംസാരിക്കുന്നതിന്റെ ചിത്രം ഫട്‌നാവിസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ ശിവസേനയും കോണ്‍ഗ്രസും പ്രതിരോധത്തിലായിരുന്നു. എന്നാല്‍, പവാറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാനാണ് പ്രതിപക്ഷ നേതാവ് എത്തിയതെന്നാണ് ഫട്‌നാവിസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
Post Your Comments