Latest NewsIndiaInternational

ലഡാക്കില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ മരിച്ചെന്നു വെളിപ്പെടുത്തിയ ബ്‌ളോഗറെ ചൈന ജയിലിലടച്ചു

ഇന്ത്യയുമായുള്ള ഗാൽവാൻ വാലി ഏറ്റുമുട്ടലിൽ യഥാർത്ഥത്തിൽ മരിച്ച സൈനികരുടെ എണ്ണം മറച്ചു വെച്ച് വളരെ ചെറിയ എണ്ണമാണ് ചൈന പുറത്ത് വിട്ടത്.

ബീജിംഗ് : ലഡാക്കിലെ ഇന്ത്യാ ചൈനാ സൈനിക സംഘര്‍ഷത്തില്‍ ചൈനയുടെ പക്ഷത്തുണ്ടായ ആള്‍നാശത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയ ചൈനീസ് ബ്‌ളോഗറെ ജയിലില്‍ തളളി ചൈന. ആഭ്യന്തര സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ അനേകം ഫോളോവേഴ്‌സുള്ള ക്വിയു സിമിംഗിനെയാണ് അഴിക്കുള്ളില്‍ തള്ളിയത്. ഇന്ത്യയുമായുള്ള ഗാൽവാൻ വാലി ഏറ്റുമുട്ടലിൽ യഥാർത്ഥത്തിൽ മരിച്ച സൈനികരുടെ എണ്ണം മറച്ചു വെച്ച് വളരെ ചെറിയ എണ്ണമാണ് ചൈന പുറത്ത് വിട്ടത്.

ഈ വർഷം ആദ്യം അറസ്റ്റിലായ ക്വിയു സിമിംഗ് എന്ന ജനപ്രിയ ചൈനീസ് ബ്ലോഗറിന് എട്ട് മാസം തടവ് ശിക്ഷയാണ് ചൈനീസ് ഭരണകൂടം വിധിച്ചത്. 25 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻറർനെറ്റ് സെലിബ്രിറ്റിയായ ക്വിയു സിമിംഗിനെതിരെ ‘രക്തസാക്ഷികളെ അപകീർത്തിപ്പെടുത്തിയ’ കുറ്റമാണ് ചുമത്തിയത്. ക്രിമിനൽ നിയമത്തിൽ പുതിയ ഭേദഗതി വരുത്തിയതിനുശേഷം ചൈനയിൽ നടന്ന ആദ്യത്തെ കേസാണിത്.

ഇന്ത്യാ-ചൈനാ സംഘര്‍ഷത്തില്‍ മരണമടഞ്ഞ ചൈനീസ് സൈനികരുടെ എണ്ണം രാജ്യം ഔദ്യോഗികമായി പുറത്തുവിട്ട കണക്കിനേക്കാള്‍ പതിന്മടങ്ങാണെന്ന് ക്വിയു കുറിച്ചതാണ് ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. യഥാർത്ഥത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ചൈന പുറത്തുവിട്ട ഔദ്യോഗിക കണക്കിനേക്കാള്‍ കൂടുതലാണെന്നും ‘ഉയര്‍ന്നവര്‍’ ആയതിനാല്‍ ചില കമാന്റിംഗ് ഓഫീസര്‍മാര്‍ രക്ഷപ്പെട്ടെന്നും ക്വിയു കുറിച്ചു.

ക്വിയുവിന്റെ പരാമര്‍ശം സൈനിക ഉദ്യോഗസ്ഥരെ അലോസരപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ തടവിലാക്കുകയും അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ പേജായ ‘ക്രയോണ്‍ ബോള്‍’ പൂട്ടുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഗല്‍വാന്‍ താഴ്‌വാരത്തില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ നടത്തിയ സംഘര്‍ഷത്തില്‍ ചൈനീസ് സേനയുടെ എത്രപേര്‍ മരിച്ചെന്ന് ഇപ്പോഴും അവ്യക്തമാണ്. നാലു പേര്‍ മരിച്ചതായി ചൈന ഈ വര്‍ഷം ആദ്യം വ്യക്തമാക്കിയിരുന്നു.

പത്തുവര്‍ഷത്തിനിടയില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മിലുണ്ടായ ഏറ്റവും വലിയ ഈ പോരാട്ടത്തില്‍, മരണപ്പെട്ടവരെ ‘അതിര്‍ത്തി പ്രതിരോധ നായകന്മാര്‍’ എന്ന ബഹുമതി നല്‍കി ചൈന ആദരിച്ചിരുന്നു. അതേസമയം വീരചരമം പ്രാപിച്ച സൈനികരെ അപമാനിച്ച കുറ്റത്തിന് ഫെബ്രുവരി മുതല്‍ ആറോളം ബ്‌ളോഗര്‍മാരെയാണ് ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എതിരഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടുന്ന ചൈനീസ് ഏകാധിപത്യത്തിന്റെ അവസാന ഇരയാണ് ക്വിയു സിമിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button