ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമുള്ള പുതിയ പരിഷ്‌ക്കരണങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടു പോയേക്കുമെന്നു മാധ്യമ റിപ്പോർട്ടുകൾ . അഡ്‌മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയ കരടുവിജ്ഞാപനങ്ങള്‍ അതേപടി നടപ്പാക്കില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പു ലഭിച്ചതായും പി.പി. മുഹമ്മദ് ഫൈസല്‍ എംപി ആണ് അറിയിച്ചത്.
‘കരടുനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ദ്വീപുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമനിര്‍മ്മാണവും നടത്തുകയില്ലെന്നും പഞ്ചായത്തുമായും ജനങ്ങളുമായും കൂടിയാലോചിച്ച ശേഷമേ നിയമങ്ങള്‍ നടപ്പാക്കുവെന്നും ആഭ്യന്തര മന്ത്രി ഉറപ്പു നല്‍കി’യതായി കൂടിക്കാഴ്ചയ്ക്കു ശേഷം ലക്ഷദ്വീപ് എംപി അറിയിച്ചു.
ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടിയും പറഞ്ഞു. ‘ഇപ്പോള്‍ വന്നത് കരടു വിജ്ഞാപനം മാത്രമാണ്. ഇക്കാര്യങ്ങള്‍ അന്തിമ വിജ്ഞാപനത്തില്‍ അതേപടിയുണ്ടാകില്ല. സര്‍ക്കാര്‍ ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പമാണെന്നും’ ഇരുവരും പറഞ്ഞു.
അതിനിടെ ഇന്നലെ കേരള നിയമസഭാ പാസാക്കിയ ലക്ഷദ്വീപ് പ്രമേയം പാഴായിപ്പോയല്ലോ എന്ന പരിഹാസവുമായി സോഷ്യൽ മീഡിയയും എത്തി. ന്യൂസ് ലിങ്കുകളുടെ താഴെ ട്രോളന്മാർക്ക് പുതിയ വിഷയം കിട്ടിയിരിക്കുകയാണ്. ഇന്നലെ വരെ കാവി വൽക്കരണം എന്ന തരത്തിലുള്ള വ്യാജപ്രചാരണമായിരുന്നു അവരുടെ ട്രോൾ വിഷയം.
Post Your Comments