മലപ്പുറം: മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 31) 1,689 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞ് 10.82 ശതമാനത്തിലെത്തിയതായും അറിയിക്കുകയുണ്ടായി. 3,508 പേരാണ് ഇന്ന് മലപ്പുറം ജില്ലയില്‍ രോഗമുക്തരായിരിക്കുന്നത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,48,869 ആയി ഉയർന്നു. മലപ്പുറം ജില്ലയില്‍ ഇതുവരെ 826 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുകയുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1,648 പേര്‍ക്ക് കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 39 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഓരോരുത്തര്‍ക്കും ഇന്ന് ജില്ലയിൽ കൊറോണ വൈറസ് രോഗം ബാധിച്ചിട്ടുണ്ട്.
61,791 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 42,065 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,204 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 310 പേരും 169 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ് ഉള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,196 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.
മലപ്പുറം ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നതിനിടയിലും രോഗ വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
Post Your Comments