Latest NewsKeralaNews

പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസ് : ഒന്നും രണ്ടും ആറും പ്രതികള്‍ കുറ്റക്കാര്‍ : ബാക്കിയുള്ളവരെ വെറുതെ വിട്ടു 

മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസിലുള്ളത്

മലപ്പുറം : മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ 1,2,6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ബാക്കിയുള്ളവരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിന്‍ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കി.  ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ ഈ മാസം 22 ന് വിധിക്കും. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസിലുള്ളത്.

മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്.2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും. കേസില്‍ 80 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

കേസിന്റെ വിചാരണ നടക്കുമ്പോള്‍ മുന്‍പ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങള്‍ ഷൈബിന്‍ അഷ്റഫിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നുവെന്ന പരാതി ലഭിച്ചു. ഈ പരാതികളില്‍ സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്റഫില്‍ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികള്‍ നേരത്തെ സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവത്തില്‍ നിന്നാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്.

2019 ആഗസ്തിലാണ് മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്റഫും സംഘവുമായിരുന്നു ഇതിനു പിന്നില്‍. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഒരു വര്‍ഷം ചങ്ങലയ്ക്കിട്ടും ക്രൂരമായി പീഡിപ്പിച്ചിട്ടും ഷാബ ഷെരീഫ് മരുന്നിന്റെ രഹസ്യം പറഞ്ഞു കൊടുത്തില്ല. ക്രൂര പീഡനത്തിനൊടുവില്‍ ഷാബ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button