കൊച്ചി: ന്യൂനപക്ഷ അനുപാതം ഹൈക്കോടതി റദ്ദ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. മുസ്ലിങ്ങള്‍ക്ക് അനുവദിച്ച പഠനാനുകൂല്യവും സ്‌കോളര്‍ഷിപ്പും വിഭജിക്കുകയല്ല വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേകം പദ്ധതി തയ്യാറാക്കുകയാണ് ശരിയായ മാര്‍ഗം. ആദ്യം 80:20 അനുപാതം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസമേഖലയിലെ ക്ഷേമ പദ്ധതികളില്‍ ഏര്‍പ്പെടുത്തിയ 80:20 അനുപാതമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയത്.
‘ക്ഷേമ പദ്ധതി പൂര്‍ണമായും മുസ്ലിങ്ങള്‍ക്കുള്ളതായിരുന്നു. ഇത് വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മറ്റു ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ഭയന്നാണ് 80:20 അനുപാതം കൊണ്ടുവന്നത്. മുസ്ലിങ്ങള്‍ക്ക് അനുവദിച്ചത് വിഭജിക്കുകയല്ല വേണ്ടത്. മറ്റ് ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേകം പദ്ധതി തയ്യാറാക്കണം. ഹൈക്കോടതി മുന്നിലെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചത്. അതുകൊണ്ടുതന്നെ വിധി തെറ്റാണെന്ന് പറയാന്‍ സാധിക്കില്ലെന്നും’ കെമാല്‍ പാഷ പറഞ്ഞു.
മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാലൊളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് മുസ്ലിങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ ആനുകൂല്യം പ്രഖ്യാപിച്ചത്. കോച്ചിങ് സെന്റര്‍, സ്‌കോളര്‍ഷിപ്പ് വിഷയങ്ങളിലായിരുന്നു ഈ അനുപാതം. എന്നാല്‍ ഇതില്‍ 20 ശതമാനം പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് നീക്കിവെച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. പാലക്കാട് സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയത്.
Post Your Comments