
താനെ: അനധികൃതമായ രീതിയിൽ നടി മീര ചോപ്ര വാക്സീൻ സ്വീകരിച്ചു എന്ന് ബി.ജെ.പി പരാതി. സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ, സൂപ്പർവൈസർ എന്ന രീതിയിൽ വ്യാജ ഐഡി കാർഡ് നിർമിച്ച് കോവിഡ് മുന്നണിപ്പോരാളികൾക്കായി വിതരണം ചെയ്യുന്ന വാക്സീൻ താനെയിലെ പാർക്കിങ് പ്ലാസയിലെ കേന്ദ്രത്തിൽവെച്ച് മീര സ്വീകരിച്ചെന്നാണ് ബി.ജെ.പിയുടെ ആരോപണം. സംഭവത്തിൽ മഹാരാഷ്ട്രയിലെ താനെ മുൻസിപ്പൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചു.
മീര ചോപ്ര വാക്സീൻ സ്വീകരിച്ചത് അനധികൃതമായ രീതിയിൽ ആണോ എന്ന് അന്വേഷിച്ച് മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ടി.എം.സി ഡപ്യൂട്ടി മുന്‍സിപ്പൽ കമ്മിഷണർക്ക് നിർദേശം നൽകിയതായി ഡപ്യൂട്ടി മേയർ സന്ദീപ് മാലവി അറിയിച്ചു.സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നടി മീര ചോപ്ര ആരോപണം നിഷേധിച്ചു. ഒരു മാസത്തോളം പരിശ്രമിച്ചശേഷമാണ് വാക്സീന്‍ സ്വീകരിക്കുന്നതിന് റജിസ്റ്റർ ചെയ്യാൻ സാധിച്ചതെന്ന് അവർ ട്വീറ്ററിൽ വ്യക്തമാക്കി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആധാർ കാർഡ് തന്റേതല്ലെന്നും അവർ പറഞ്ഞു.
Post Your Comments