ന്യൂഡല്‍ഹി : രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കുന്നത് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയാണ്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പാണ് രണ്ടാം മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. എബിപി-സി വോട്ടര്‍ മോദി 2.0 റിപ്പോര്‍ട്ട് കാര്‍ഡിലാണ് ഈ വിവരമുള്ളത്. എബിപി-സി വോട്ടര്‍ സര്‍വേയില്‍ പ്രതികരിച്ച 47.4 ശതമാനം ആളുകളും 370-ാം വകുപ്പ് നീക്കം ചെയ്ത നടപടിയാണ് വലിയ നേട്ടമെന്ന് എടുത്തു കാണിച്ചത്. എന്നാല്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ തീരുമാനമാണ് വലുതെന്ന് പ്രതികരിച്ച 23.7 ശതമാനം കരുതുന്നു. 543 ലോക്സഭാ മണ്ഡലങ്ങളിലായി 1.39 ലക്ഷം പേരിലാണ് സര്‍വേ നടത്തിയത്.
2021 ജനുവരി ഒന്നുമുതല്‍ മെയ് 28 വരെ നടത്തിയ സര്‍വേയിലാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാന നടപടികളെ കുറിച്ച് ജനങ്ങള്‍ അഭിപ്രായപ്പെട്ടത്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ ജനം പിന്തുണയ്ക്കുന്നതായും സര്‍വേ കണ്ടെത്തി. കഴിഞ്ഞവര്‍ഷം രാജ്യം മുഴുവന്‍ അടച്ചിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്നാണ് 68.4 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം ലോക്ഡൗണ്‍ ഏര്‍പ്പെടുത്താത്ത മോദി സര്‍ക്കാരിന്റെ തീരുമാനത്തെ ശരിവയ്ക്കുന്നത് 53.4 ശതമാനം. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കും ജനപിന്തുണയുണ്ട്.
വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്തത് ശരിയായ രീതിയിലെന്ന് 44.9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. വാക്സിന്‍ കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിനും വിശാലമായ പിന്തുണയാണ് ലഭിച്ചത്.
Post Your Comments