ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. 2019ല്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡിയാലിന്റെ ഭാര്യ നികിത കൗളാണ് ഭര്‍ത്താവിന് ആദവ് അര്‍പ്പിച്ചുകൊണ്ട് സൈന്യത്തിന്റെ ഭാഗമായിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് 9 മാസം മാത്രം പിന്നിട്ടപ്പോഴാണ് മേജര്‍ ധൗണ്ഡിയാല്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. പിന്നീട് ശൗര്യ ചക്ര നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്. എന്നാല്‍ ഭര്‍ത്താവിനെ നഷ്ടമായതില്‍ തളര്‍ന്നിരിക്കാന്‍ നികിത കൗള്‍ തയ്യാറായില്ല. രാജ്യത്തിന് വേണ്ടിയുള്ള ഭര്‍ത്താവിന്റെ ജീവത്യാഗം വെറുതെയാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് നികിത ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ദൃഢപ്രതിജ്ഞ എടുത്തത്.
മേജര്‍ ധൗണ്ഡിയാലിന്റെ വേര്‍പാടിന് ആറ് മാസം ശേഷമാണ് നികിത കൗള്‍ ഷോര്‍ട്ട് സെലക്ഷന്‍ കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരീക്ഷയിലും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ ഇന്റര്‍വ്യൂവിലും നികിത ജയിച്ചുകയറി. പിന്നീട് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലേയ്ക്ക് നികിത കമ്മീഷന്‍ ചെയ്യപ്പെട്ടു. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ലഫ്. നികിത കൗള്‍ ധൗണ്ഡിയാല്‍ ഔദ്യോഗികമായി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി.
Post Your Comments