മരണക്കിടക്കയിലെ രോഗിക്ക് ശഹദാത്ത് കലിമ ചൊല്ലിക്കൊടുത്ത ഡോ രേഖാ കൃഷ്ണനു അഭിനന്ദനങ്ങളുമായി മുന്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അസഹിഷ്ണുതയുടെ കാലത്ത് ഇത്തരമൊരു സന്ദേശം നല്‍കിയ യുവ വനിതാ ഡോക്ടറുടെ ബോധ്യത്തിനും കര്‍മ്മത്തിനും മുന്‍പില്‍ ശിരസ്സ് കുനിക്കുന്നെന്നും ഹൃദയത്തില്‍ നിന്നുള്ള അഭിവാദ്യങ്ങള്‍ അറിയിക്കുന്നെന്നും പി ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം എല്‍പി സ്‌കൂളിലെ അറബിക് ക്ലാസിലെ അനുഭവങ്ങളും കുട്ടിക്കാലത്ത് അച്ഛന്‍ നല്‍കിയ ഉപദേശവും പി ശ്രീരാമകൃഷ്ണന്‍ പങ്കുവെച്ചു.
ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പട്ടാമ്പി സേവന ഹോസ്പിറ്റലിലെ ഡോക്ടര്‍ രേഖ കൃഷ്ണയുടെ ഖലിമ ചൊല്ലല്‍ വാര്‍ത്ത കേട്ടപ്പോള്‍ ഓര്‍ത്തത് എന്റെ എല്‍പി സ്‌കൂളിലെ അറബിക് ക്ലാസിനെ കുറിച്ചും അച്ഛന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെ കുറിച്ചുംആയിരിന്നു. അറബി ടീച്ചര്‍ ക്ലാസിലേക്ക് വന്നാല്‍ മലയാളം വിദ്യാര്‍ത്ഥികള്‍ അഥവാ അമുസ്ലീങ്ങള്‍ ആയ കുട്ടികള്‍ പുറത്തു പോവുകയാണ് പതിവ്. എന്നോട് അത് ചെയ്യരുതെന്നും അവിടെ ക്ലാസ്സില്‍ ഇരിക്കണമെന്നും അറബി മാത്രമല്ല ഇസ്ലാം മതത്തെ കുറിച്ചും പഠിക്കണമെന്നായിരിന്നു അച്ഛന്റെ നിര്‍ദ്ദേശം. അറബിയിലും, ഫാത്തിഹ സൂറത്തും,ഷഹാദത്ത് കലിമ ചൊല്ലലിലും ഒന്നും, വൈദഗ്ദ്ധ്യം നേടിയില്ലെങ്കിലും, അത് ഉണ്ടാക്കിയ ബോധ്യം ജീവിതത്തിലെ എല്ലാ ദര്‍ശനങ്ങളെയും സ്വാധീനിച്ചു എന്ന് പറയാതിരിക്കാന്‍ വയ്യ.
കോവിഡും, അനുബന്ധമായി മാരകമായ ന്യൂമോണിയയും ബാധിച്ച് അന്ത്യശ്വാസം വലിക്കുന്ന സമയത്ത് തന്റെ രോഗിക്ക് ഷഹാദത്ത് കലിമ ചൊല്ലിക്കൊടുത്ത് റൃ രേഖ അവര്‍ക്ക് അന്ത്യാഭിവാദ്യം നല്‍കിയത് ഉത്തമമായ ഒരു മതാതീത ദൈവ ബോധത്തിന്റെ കരുത്തിലാണ്. തീര്‍ച്ചയായും അതിന് അവരെ പ്രേരിപ്പിച്ചത് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് ഇറങ്ങുമ്പോള്‍ തൊട്ടു മുന്‍പിലുള്ള പള്ളിയിലും പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന അമ്മയുടെ ശിക്ഷണം തന്നെ ആയിരുന്നു. ‘ഇസ്ലാം മത വിശ്വാസിയായ തന്റെ രോഗി അന്ത്യയാത്രയില്‍ സാധാരണഗതിയില്‍ ആഗ്രഹിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന കാര്യമാണ് കലിമ ചൊല്ലല്‍. പകര്‍ച്ചവ്യാധി ആയതിനാല്‍ ആര്‍ക്കും രോഗിയുടെ അടുത്ത് എത്താനും കഴിയില്ല.
Read Also: കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്ന വാർത്തകളിൽ പ്രതികരണവുമായി കേന്ദ്രം
രോഗിയും ബന്ധുക്കള്‍ക്കും ഇടയിലുള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് താന്‍ മാത്രമായതിനാല്‍ ആ കടമ നിര്‍വഹിച്ചു ‘ എന്നായിരുന്നു അവരുടെ വളരെ സ്വാഭാവികമായ പ്രതികരണം. അത് ആലോചിച്ച് ഉറപ്പിച്ച് ചെയ്തതോ, ആരോടെങ്കിലും പറയാന്‍ വേണ്ടി ചെയ്തതോ അല്ലെന്നാണ് ഡോക്ടര്‍ രേഖ പറഞ്ഞത്. ചെറുപ്പം മുതല്‍ താന്‍ വളര്‍ന്നു വന്ന ഒരു ബോധ്യത്തില്‍ നിന്ന് സ്വമേധയാ ചെയ്തു പോയതാണെന്ന് അവര്‍ പറയുകയുണ്ടായി. മതവിശ്വാസങ്ങളുടെ ഘര്‍ഷണം മൂലം തീയാളുന്ന അനുഭവങ്ങളുള്ള ഈ കാലത്ത് ഇത്തരമൊരു സന്ദേശം നല്‍കിയ യുവ വനിതാ ഡോക്ടറുടെ ബോധ്യത്തിനും കര്‍മ്മത്തിനും മുന്‍പില്‍ വിനയപൂര്‍വ്വം ശിരസ്സ് കുനിക്കുന്നു ഹൃദയത്തില്‍ നിന്നുള്ള അഭിവാദ്യങ്ങള്‍ അറിയിക്കുന്നു
Post Your Comments