മലപ്പുറം : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന വാര്‍ത്ത ലക്ഷദ്വീപുമായി ബന്ധപ്പെട്ടതാണ്. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങളാണ് ഇപ്പോള്‍ വിവാദമായത്. ഭരണപരിഷ്‌ക്കാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ നടന്‍ പൃഥ്വിരാജ് രംഗത്ത് വന്നിരുന്നു. ഇതോടെ താരത്തിന് വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്.
നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാര്‍ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദു റബ്ബ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ‘ പൃഥ്വിരാജ് ജനിച്ചത് മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണെന്നും പഴയ എടപ്പാള്‍ ഓട്ടം ‘ജനം’ മറക്കരുതെന്നുമായിരുന്നു’ അബ്ദു റബ്ബ് തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ പറഞ്ഞത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറം എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകളില്‍ റാലി നടത്തിയ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരെ നാട്ടുകാര്‍ വിരട്ടിയോടിക്കുകയും ബൈക്കുകള്‍ ഉപേക്ഷിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഓടുന്ന ദൃശ്യങ്ങള്‍ ‘എടപ്പാള്‍ ഓട്ടം’ എന്ന പരിഹാസപ്പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു.
ഈ സംഭവത്തെ കുറിച്ചാണ് അബ്ദു റബ്ബ് തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്.
Post Your Comments