ഭോപ്പാൽ: ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന വിവാഹങ്ങൾ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനത്ത് വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് രഹസ്യമായി നടന്ന വിവാഹങ്ങൾ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് വിവാഹ സർട്ടിഫിക്കറ്റ് നൽകാതിരിക്കാനാണ് സംസ്ഥാനത്തെ വിവിധ ജില്ലാഭരണകൂടങ്ങളുടെ നീക്കം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് 130 ഓളം വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ഈ കാലയളവിൽ വിവാഹിതരായ ദമ്പതികൾക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് അനുവദിക്കരുതെന്ന് രജിസ്ട്രാർ ഓഫീസുകൾക്കും ജില്ലാ ഭരണകൂടം നിർദേശം നൽകി. നിർദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് വ്യക്തമാക്കി.
പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാനല്ല മറിച്ച് രോഗവ്യാപനം നിയന്ത്രിക്കാനാണ് പുതിയ തീരുമാനം എന്നും, ദാബ്രയിലെ ഒരു ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ നടപടിയെടുക്കുന്നതെന്നും ഗ്വാളിയാർ കളക്ടർ എസ്.വി.സിംഗ് പറഞ്ഞു.
Post Your Comments