തിരുവനന്തപുരം: ലോക്ക്ഡൗണിൽ മോഷണത്തിന് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റെ മദ്യം സൂക്ഷിക്കുന്ന വെയർഹൗസുകളിൽ സുരക്ഷ ശക്തമാക്കണമെന്ന് എക്സൈസ് നിർദ്ദേശം. ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിൽനിന്ന് നൂറിലധികം കെയ്‌സ് മദ്യം മോഷണം പോയ സംഭവത്തെത്തുടർന്നാണ് എക്സൈസ് നടപടി. കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളിലുള്ള പോരായ്മകൾ മോഷണത്തിന് സാധ്യത കൂട്ടുന്നുവെന്നും എക്സൈസ് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് വെയർ ഹൗസിങ് കോർപറഷന്റേയും സ്വകാര്യ വ്യക്തികളുടെയും കെട്ടിടങ്ങളിലാണ് ബിവറേജസ് കോർപറേഷൻ മദ്യം സൂക്ഷിക്കുന്നത്. ഇതിൽ പലയിടത്തും മതിയായ സുരക്ഷയില്ല. കാലപ്പഴക്കം ചെന്ന പല കെട്ടിടങ്ങളിൽ നിന്നും മദ്യം കാണാതായ സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ ഉദ്യോഗസ്ഥർ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.
കെട്ടിടങ്ങളുടെ സുരക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം എന്നാണ് എക്‌സൈസ് നിർദ്ദേശം. സി.സി.ടി.വി ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കണമെന്നും എക്‌സൈസ് മുന്നറിയിപ്പ് നൽകി. കാട് മൂടി കിടക്കുന്ന വെയർഹൗസുകൾ വൃത്തിയാക്കണമെന്നും. ചുറ്റുമതിൽ ഇല്ലാത്തതും പൊളിഞ്ഞതുമായ സ്ഥലങ്ങളിൽ അവ നിർമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എക്സൈസ് നിർദേശം നൽകി.
Post Your Comments