കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. രാവിലെ 9 മണിയോടെയാണ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയത്. ബലാസോറിലെ തെക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായാണ് റിപ്പോര്‍ട്ട്.
ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ചില മേഖലകളില്‍ വെള്ളം കയറി. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി ഏകദേശം 20 ലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. തിരമാല ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു.
മണിക്കൂറില്‍ 170 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞുവീശുന്ന യാസ് ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുകയും ഉച്ചയോടെ വടക്കന്‍ ഒഡീഷയും ബംഗാള്‍ തീരവും കടക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 85 കിലോ മീറ്റര്‍ ആയി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Post Your Comments