കണ്ണൂർ: കോവിഡ് പ്രതിരോധ രംഗത്ത് സന്നദ്ധ സേവനം നടത്താനുളള റിലീഫ് ഏജൻസിയായി സേവാഭാരതിയെ പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ജില്ലാ കളക്ടറുടെ നടപടി പക്ഷപാതപരമെന്ന് വിമർശനം. സി.പി.എം നേതാവ് പി. ജയരാജന്റെ നേതൃത്വം നൽകുന്ന ഐ.ആർ.പി.സിയെയും മുസ്ലീംലീഗിന്റെ പോഷക സംഘടനയായ സി.എച്ച് സെന്ററിനെയും റിലീഫ് ഏജൻസികളാക്കിയ തീരുമാനം നിലനിർത്തിക്കൊണ്ട് സേവാഭാരതിക്കെതിരേ മാത്രം ജില്ലാ കളക്ടർ നടപടി സ്വീകരിച്ചതാണ് വിമർശനങ്ങൾക്ക് വഴിവെക്കുന്നത്.
സേവഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിക്കണമെന്ന ജില്ലാ സെക്രട്ടറി എം. രാജീവൻ ജില്ലാ ഭരണ കൂടത്തിന് അപേക്ഷ പരിഗണിച്ചായിരുന്നു റിലീഫ് ഏജൻസിയാക്കാനുളള തീരുമാനം. കഴിഞ്ഞ 22നായിരുന്നു സേവാഭാരതിയെ ജില്ലയിലെ റിലീഫ് ഏജൻസിയായി നിയമിച്ചത്. സേവാഭാരതിയെ റിലീഫ് ഏജൻസിയായി തീരുമാനിച്ചതിന് പിന്നാലെയാണ് സി.എച്ച് സെന്ററിനെയും റിലീഫ് ഏജൻസിയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.
രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് സന്നദ്ധ പ്രവർത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് നൽകിയ പരാതിയെ തുടർന്നാണ് കളക്ടർ തീരുമാനം പിൻവലിച്ച് ഉത്തരവിറക്കിയത്. റിലീഫ് ഏജൻസിയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചതല്ലാതെ സംഘടനയുടെ ചിഹ്നങ്ങൾ ഉപയോഗിച്ച് സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുകയോ, സർക്കാരിന്റെ സന്നദ്ധ സേവനത്തിനുളള പാസ് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് ജില്ലയിലെ സേവാഭാരതി നേതൃത്വം വ്യക്തമാക്കി. അതേസമയം, കളക്ടറുടെ നടപടിയിൽ കടുത്ത അമർഷത്തിലായിരുന്ന സി.പി.എം നേതൃത്വം തീരുമാനം പിൻവലിക്കാൻ സർക്കാർ തലത്തിൽ നിന്നടക്കം സമ്മർദ്ദം ചെലുത്തിയതായാണ് ലഭ്യമായ വിവരം.
Post Your Comments