പേരാവൂർ: കണ്ണൂർ പേരാവൂരിൽ ആണ്‍മക്കള്‍ കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. മക്കള്‍ തിരിഞ്ഞുനോക്കാതായതോടെ വ്രണം പുഴുവരിച്ച് ഇടതുകാല്‍ മുറിച്ച് മാറ്റേണ്ട നിലയിലായിരുന്നു. ഇവരുടെ ദയനീയാവസ്ഥ വാർത്തയായതോടെ സർക്കാർ ഇടപെടുകയും ഇവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനിടെയാണ് സരസ്വതി അമ്മയുടെ മരണവിവരം പുറത്തവരുന്നത്.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു സരസ്വതി. ആണ്‍മക്കളുടെ അവഗണനയിൽ വയോധിക ദുരിതത്തിലായതോടെയാണ് ജില്ലാ കളക്ടർ ഇടപെട്ടത്. വ്രണം വന്ന് ദിവസങ്ങളായി കാഞ്ഞിരപ്പുഴയിലെ വീട്ടിൽ കഴിയുകയായിരുന്ന സരസ്വതിയെ മനോജ് ആപ്പനെന്ന ചുമട്ട് തൊഴിലാളിയും സന്നദ്ധപ്രവർത്തകനായ സന്തോഷുമാണ് അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജില്‍ എത്തിച്ചത്.
അപ്പോഴേക്കും പുഴുവരിച്ച് കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥയിലെത്തിയിരുന്നു. മൂന്ന് വർഷമായി പ്രമേഹ രോഗം അലട്ടുന്ന സരസ്വതിയെ മകൾ സുനിത പേരാവൂർ താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിത്സിച്ച് വരികയായിരുന്നു. കയ്യിൽ പണമില്ലാത്തതിനാലും കൂട്ടിരിക്കാൻ ആളില്ലാത്തതിനാലും വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. മക്കൾക്കെതിരെ പരാതി നൽകുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.
Post Your Comments