ടി20 ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നൽകിയില്ലെന്ന് ആരോപണം. ബ്രിട്ടീഷ് ദിനപത്രമായ ദി ടെലഗ്രാഫാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കിട്ടിയ തുകയാണ് താരങ്ങൾക്ക് നൽകാതിരുന്നത്. അതേസമയം, കോവിഡ് മൂലം ബിസിസിഐ ആസ്ഥാനം അടഞ്ഞുക്കിടക്കുന്നതിനാലാണ് തുക കൈമാറ്റം വൈകുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
നവംബറിൽ മാത്രമാണ് ഐസിസിയിൽ നിന്ന് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും ബിസിസിഐ വ്യക്തമാക്കി. എന്നാൽ ആരോപണത്തിൽ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഓസ്‌ട്രേലിയയിലായിരുന്നു വനിതാ ടി20 ലോകകപ്പ് നടന്നത്. ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യ ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.
റണ്ണേഴ്‌സ് അപ്പായ ഇന്ത്യൻ ടീമിന് അഞ്ച് ലക്ഷം ഡോളർ സമ്മാനത്തുകയായി ലഭിച്ചു. ഈ പണം ബിസിസിഐയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ലോകകപ്പ് കഴിഞ്ഞ് ഒരു വർഷമായിട്ടും സമ്മാനത്തുക വീതിച്ചു നൽകാത്തതിൽ കളിക്കാരാരും ഇതുവരെ പരസ്യമായി പരാതി പറഞ്ഞിട്ടില്ല. ഇതിനിടെയാണ് ബ്രിട്ടീഷ് മാധ്യമത്തിന്റെ റിപ്പോർട്ട് പുറത്തുവന്നത്.
Post Your Comments