KeralaLatest NewsIndia

ഒരു പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ഇച്ഛയ്ക്ക് അനുസൃതമായി ഇന്ത്യൻ നിയമങ്ങൾ മാറ്റാൻ കഴിയില്ല: ശ്രീജിത്ത് പണിക്കർ

കോവിഡ് മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നത് ലക്ഷദ്വീപിലെ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ്.

തിരുവനന്തപുരം: ലക്ഷദ്വീപ് വിവാദത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ. ലക്ഷദ്വീപിലെ ഭരണത്തിനെതിരെ നടക്കുന്ന ആരോപണങ്ങളും യഥാർത്ഥ വസ്തുതകളും വിലയിരുത്തിയാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ,

ലക്ഷദ്വീപ് വിഷയം. ആരോപണങ്ങളും വസ്തുതകളും. ചർച്ചകൾ ഉണ്ടാകട്ടെ.

[1] കോവിഡ് മാനദണ്ഡങ്ങളിൽ അഡ്മിനിസ്ട്രേറ്റർ മാറ്റങ്ങൾ വരുത്തിയതു മൂലം ദ്വീപിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു, തുടർന്ന് കൂടുതൽ രോഗികൾ ഉണ്ടായി.

കോവിഡ് മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നത് ലക്ഷദ്വീപിലെ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ്. ഇതുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതിയിൽ വന്ന കേസ് കോടതി തീർപ്പാക്കിയതും ഈ കാരണത്താലാണ്. കാര്യങ്ങൾ തീരുമാനിക്കുന്നത് മേല്പറഞ്ഞ അതോറിറ്റി ആണെന്നും ഇക്കാര്യത്തിൽ അഡ്മിനിസ്ട്രേറ്ററെ വിളിച്ചു വരുത്തേണ്ട കാര്യമില്ലെന്നും കോടതി കണ്ടെത്തി.

[2] ദ്വീപിൽ മദ്യം ലഭ്യമാക്കുന്നു.
ടൂറിസത്തിന്റെ ഭാഗമായാണ് മദ്യം ലഭ്യമാക്കുന്നത്. സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിലും ടൂറിസത്തിന്റെ ഭാഗമായി മദ്യം ലഭ്യമാണ്. ആവശ്യമുള്ളവർക്ക് മാത്രം ഉപയോഗിക്കാൻ വേണ്ടിയാണ്. എല്ലാവരും മദ്യം വാങ്ങണമെന്നോ ഉപയോഗിച്ചേ മതിയാകൂ എന്നോ നിയമമില്ല.

[3] ബീഫ് നിരോധനം നടപ്പാക്കുന്നു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുള്ളതാണ് ഗോവധ നിരോധനം. ഇതുതന്നെയാണ് ലക്ഷദ്വീപിലും നടപ്പാക്കുന്നത്. കൂടുതൽ സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം നടപ്പാക്കിയത് കോൺഗ്രസ് പാർട്ടിയാണ്. ബീഫ് നിരോധനത്തോട് എനിക്ക് യോജിപ്പില്ല. മദ്യം പോലെ മാംസവും ആവശ്യക്കാർക്ക് ഉപയോഗിക്കാൻ ലഭ്യമാക്കണമെന്നാണ് എന്റെ പക്ഷം.

[4] തദ്ദേശ നിവാസികളുടെ സാംസ്കാരിക സെൻസിറ്റിവിറ്റി പരിഗണിക്കുന്നില്ല.
ഒരു പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ഇച്ഛയ്ക്ക് അനുസൃതമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത് ഏതാനും ആഴ്ചകൾക്ക് മുൻപാണ്. സമാനമായി ഹിന്ദു ഭൂരിപക്ഷ സ്ഥലങ്ങളിൽ അവരുടെ സാംസ്കാരിക സെൻസിറ്റിവിറ്റി മാത്രം പരിഗണിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. സമൂഹം ബഹുസ്വരമാണ്. ആയതിനാൽ എല്ലാവരുടെയും താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണം.

[5] CAA/NRC പോസ്റ്ററുകൾ എടുത്തുമാറ്റി.
സംഭവം സത്യമാണോ എന്നറിയില്ല. ആണെങ്കിലും അതൊരു സ്വാഭാവിക നടപടിയാണ്. സർക്കാർ പാസാക്കിയ നിയമത്തിനെതിരായ പോസ്റ്ററുകൾ സർക്കാർ സംവിധാനം നീക്കം ചെയ്യാനുള്ള സാധ്യതയുണ്ട്. നിലവിൽ എങ്ങും ആൾക്കൂട്ട സമരങ്ങൾ ഇല്ലല്ലോ. അതിനർത്ഥം പ്രതിഷേധം പാടില്ലെന്നല്ല. വിയോജിക്കാനും നിയമനടപടി സ്വീകരിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്.

[6] ഒരു കുറ്റവാളി പോലുമില്ലാത്ത ലക്ഷദ്വീപിൽ ഗുണ്ടാനിയമം പാസാക്കി.
കുറ്റവാളികളോ കുറ്റങ്ങളോ ഇല്ലെങ്കിൽ നിയമത്തെ പേടി വേണ്ടല്ലോ.

[7] രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്.
അങ്ങനെ മാത്രമല്ല കരട് നിയമം പറയുന്നത്. നിയമം വരുന്ന തീയതിയിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ഈ നിയമം ബാധകമല്ല എന്ന് പ്രത്യേകം പറയുന്നുണ്ട്. അതായത് നിലവിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് തുടർന്നും മത്സരിക്കാം. അവർക്ക് കൂടുതൽ കുട്ടികൾ ഉണ്ടായാൽ മാത്രമേ വിലക്ക് ബാധകമാകൂ. ഇത് ആദ്യമായി നടപ്പാക്കുന്ന സ്ഥലമല്ല ലക്ഷദ്വീപ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഉൾപ്പടെ ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലും സമാനമായ നിയമം നിലനിൽക്കുന്നുണ്ട്. രാജസ്ഥാനിലും ആസാമിലും രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലിക്കു പോലും അയോഗ്യത കൽപ്പിക്കുന്ന രീതിയിലാണ് നിയമനിർമ്മാണം. ഇതൊക്കെ ഭരണഘടനയിലെ തുല്യത വിഭാവനം ചെയ്യുന്ന പതിനാലാം അനുച്ഛേദത്തിനു വിരുദ്ധമാണെന്ന് കോടതികളിൽ കേസുകൾ വന്നവയാണ്, ഒക്കെയും കോടതികൾ തള്ളിയതുമാണ്.

[8] 190 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു.
ഇതുമായി ബന്ധപ്പെട്ട വാർത്തകൾ അന്വേഷിച്ചിട്ട് കിട്ടിയില്ല. എന്നിരുന്നാലും പിരിച്ചുവിടപ്പെട്ടവർ താൽക്കാലിക ജീവനക്കാർ ആണെന്നാണ് ആരോപണത്തിൽ തന്നെയുള്ളത്. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ പാടില്ലെന്ന് ആയിരുന്നല്ലോ ഏതാനും മാസങ്ങൾക്കു മുൻപ് പ്രതിപക്ഷ കക്ഷികൾ കേരളത്തിൽ സ്വീകരിച്ച നിലപാട്.

[9] തീരദേശ സംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുമാറ്റി.
ഇതുമായി ബന്ധപ്പെട്ട വാർത്തകൾ അന്വേഷിച്ചിട്ട് കിട്ടിയില്ല. എന്നിരുന്നാലും തീരദേശ സംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് ഇത് നടന്നതെങ്കിൽ അത് നിയമവിധേയമാവണം. തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി പ്രത്യേക സംരക്ഷണ നിയമം ഉണ്ടാകേണ്ട ഇന്ത്യയിലെ ഒൻപത് തീരദേശ സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും ഉണ്ട്. ഇതിൽ ആദ്യമായി നിയമം ഉണ്ടാക്കിയത് ലക്ഷദ്വീപാണ്. എന്നാൽ അവ നടപ്പാക്കാൻ വൈകുന്നതിന്റെ പേരിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ശകാരം അവർ മുമ്പ് കേട്ടിട്ടുമുണ്ട്. തീരദേശ സംരക്ഷണം എന്നത് മത്സ്യത്തൊഴിലാളികളുടെ ദീർഘകാല സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്.

[10] ബേപ്പൂരിനെ ഒഴിവാക്കി ലക്ഷദ്വീപിൽ നിന്നും ചരക്കുനീക്കം ബിജെപി ഭരിക്കുന്ന കർണാടകയിലെ മംഗലാപുരത്തേക്ക് വിടുന്നു.
ബേപ്പൂരിലെ തുറമുഖത്തിന് സൗകര്യങ്ങൾ കുറവായതിനാൽ പകരം ഒരു തുറമുഖം വേണമെന്നത് കാലാകാലങ്ങളായി ലക്ഷദ്വീപിലെ ട്രാൻസ്പോർട്ട് കമ്മിറ്റികളുടെയും എംപിമാരുടെയും പ്രാദേശിക പ്രതിനിധികളുടെയും പ്രധാനപ്പെട്ട ആവശ്യമാണ്. അതിന്റെ ഭാഗമായാണ് കൂടുതൽ സൗകര്യങ്ങളോടെ മംഗലാപുരത്ത് പുതിയ തുറമുഖം കൊണ്ടുവരുന്നത്. ഈ നീക്കം രാഷ്ട്രീയ പ്രേരിതമല്ലെന്ന് മാധ്യമങ്ങളോടു പറഞ്ഞത് എംപിയും എൻസിപി നേതാവുമായ പി പി മുഹമ്മദ് ഫൈസൽ ആണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലേക്ക് തുറമുഖം മാറ്റുന്നത് രാഷ്ട്രീയ പ്രേരിതം തന്നെയല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ഫൈസൽ പ്രതികരിച്ചത് ഇങ്ങനെയാണ്: “അങ്ങനെയാണെങ്കിൽ ഇപ്പോഴും മംഗലാപുരത്തെ പഴയ തുറമുഖത്തിൽ നിന്നാണല്ലോ നമ്മുടെ ലോക്കൽ മോട്ടോർ സെയ്ലിങ് യാനങ്ങൾ നല്ല സൗകര്യങ്ങളോടെ ഓടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം ശരിയല്ല.”

shortlink

Related Articles

Post Your Comments

Related Articles


Back to top button