തിരുവനന്തപുരം : സമൂഹമാധ്യമത്തിൽ സേവ് ലക്ഷദ്വീപ് കാമ്പയിൻ സജീവമാകുകയാണ്. താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ ലക്ഷദ്വീപിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പിന്തുണയുമായി രംഗത്തെത്തുകയാണ്. ഇപ്പോഴിതാ മദ്യശാലകളില്ലാത്ത, പട്ടിയും പാമ്പും പേരിന് പോലും കുറ്റകൃത്യങ്ങളുമില്ലാത്തൊരിടം കലാപശാലയാക്കാൻ ഒരു കൂട്ടം ഒരുങ്ങിത്തിരിച്ചിരിക്കുന്നുവെന്ന് വിമർശിക്കുകയാണ് ഡോ. ഷിംന അസീസ് . സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷിംന സേവ് ലക്ഷദ്വീപ് കാമ്പയിനു പിന്തുണ പ്രഖ്യാപിച്ചത്.
ഷിംനയുടെ പോസ്റ്റ് പൂർണ്ണ രൂപം
എപ്പോൾ കാണുമ്പഴും “മാഡം എപ്പഴാ ദ്വീപിൽ വരുന്നത്, ഞാൻ ഉപ്പയുടെ സ്‌പോൺസർഷിപ്പിൽ അങ്ങോട്ട് കൂട്ടാം… ആച്ചൂനേം സോനൂനേം കൊണ്ട് വാ മാഡം…” എന്ന് പറഞ്ഞോണ്ടിരിക്കുന്ന എന്റെയൊരു സ്‌റ്റുഡന്റുണ്ട്. ‘ചിരിക്കാനും സ്‌നേഹിക്കാനും മാത്രമേ ഇവൾക്കറിയൂ !!’ എന്നൊക്കെ അദ്‌ഭുതത്തോടെ ആലോചിച്ച് പോയിട്ടുള്ള ഒരു മോൾ. അവളുടെ പറച്ചിലിന്റെ പൊലിവ് കൊണ്ട് ഫ്ലൈറ്റ് ടിക്കറ്റ് വരെ നോക്കി വെച്ച് ലീവെങ്ങനെ അഡ്‌ജസ്‌റ്റ് ചെയ്യുമെന്നൊക്കെ ആലോചിച്ച് നിൽക്കുമ്പോഴാണ് കൊറോണ വന്നത്, ആ ആഗ്രഹം നീട്ടിവെക്കേണ്ടി വന്നത്… അത്രക്ക് കൊതിപ്പിച്ചിട്ടുണ്ട് അവളും അവളുടെ ഫോണിൽ കണ്ട തെളിനീലക്കടലും ഭക്ഷ്യവിഭവങ്ങളും…
ഇപ്പോൾ കേൾക്കുന്നു മദ്യശാലകളില്ലാത്ത, പട്ടിയും പാമ്പും പേരിന് പോലും കുറ്റകൃത്യങ്ങളുമില്ലാത്തൊരിടം കലാപശാലയാക്കാൻ ഒരു കൂട്ടം ഒരുങ്ങിത്തിരിച്ചിരിക്കുന്നുവെന്ന്. ഇഷ്‌ടമുള്ളത് കഴിക്കാൻ പറ്റാതെ, മത്സ്യബന്ധനബോട്ടുകളുടെ ഷെഡുകൾ പൊളിച്ച് കളഞ്ഞും തദ്ദേശീയരെ പിരിച്ച് വിട്ടും, റോഡ് വികസനമെന്ന് പറഞ്ഞ് അനാവശ്യസങ്കീർണതകൾ സൃഷ്‌ടിച്ചും കടലിൽ വീണ് പോയ സ്വർഗത്തിന്റെ കഷ്‌ണത്തെ അവർ തല്ലി ചോര വരുത്തുകയാണെന്ന്…
ദ്വീപുകാർ തീവ്രവാദത്തിന് സഹായിക്കുന്നുവെന്നോ… വേറെയെന്തൊക്കെയോ പറയുന്നതിന്റെയൊക്കെ അടിസ്‌ഥാനം വർഗീയതയാണെന്ന് ചിന്തിക്കാൻ പ്രത്യേകിച്ച് ക്വാളിഫിക്കേഷനൊന്നും വേണമെന്ന് തോന്നുന്നില്ല. ബഹുഭൂരിപക്ഷം ജനങ്ങളും മുസ്‌ലിങ്ങളാണ്, സ്വാഭാവികമായും ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകാതെ പോകുന്നതെങ്ങനെ !!
ഡിസംബർ തൊട്ട് ദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്ററായി നിയോഗിതനായ മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിന്റെ വരവോടെയാണിതെല്ലാം സംഭവിച്ചിരിക്കുന്നതെന്ന് വാർത്തകൾ. സമാധാനമുള്ള സ്‌ഥലങ്ങളിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി കലാപം അഴിച്ച് വിടുന്നത് കാണുമ്പോൾ ഇന്ത്യയോട് ശരിക്കും ഇവർക്കുള്ള വികാരമെന്താണ് എന്നാണ് തോന്നിപ്പോകുന്നത്.
എന്തിനും ഏതിനും കേരളത്തെ ആശ്രയിക്കേണ്ടുന്ന, ബേപ്പൂർ തുറമുഖത്തോട് വലിയ അടുപ്പമുള്ള ഇവർ ഇനി മംഗലാപുരത്തെ ആശ്രയിക്കണമെന്ന രീതിയിലൊക്കെ അടിച്ചേൽപ്പിക്കലുകളുണ്ടെന്ന് വായിക്കുന്നു. ഭക്ഷണം, സഞ്ചാരസ്വതന്ത്ര്യം, ഭാഷാപരമായ സങ്കീർണതകളുണ്ടാക്കൽ, മദ്യശാലകൾ തുറക്കൽ, മതപരമായ ഇടപെടലുകൾ… മനസ്സമാധാനം കെടുത്തൽ…
ദ്വീപൊരു സ്വപ്‌നഭൂമിയാണ്. അന്നും, ഇന്നും. എന്നെങ്കിലുമൊരിക്കൽ പോയി ഇത്തിരി നാളെങ്കിലും അവരിലൊരാളാവാൻ കാത്ത് നിന്നൊരിടം, സ്‌നേഹം കൊണ്ട് തിരയടിക്കുന്നൊരിടം… എന്നിട്ടും, എന്തൊരു ഭീകരമാം വിധമാണ് ഈ ലോകത്തെ ചിരികളും സ്നേഹവും മനുഷ്യരെയും ചിലർ ചീന്തിയെടുക്കാൻ നോക്കുന്നത് !!
ലക്ഷദ്വീപിനൊപ്പമാണ്, ഒപ്പം തന്നെയാണ്.
https://www.facebook.com/1826601784300618/posts/2658869474407174/
Post Your Comments