ജനങ്ങള്‍ക്ക് റോഡുകളെ കുറിച്ച് പരാതി നേരിട്ട് അറിയിക്കാനുള്ള മൊബൈല്‍ ആപ്പിനെ പ്രശംസിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പുതിയ ആപ്പ് അവതരിപ്പിച്ചത്. ‘ഇത് നേരത്തെ വന്നിരുന്നെങ്കില്‍ അന്ന് ഒരു അടി കുറവ് കിട്ടിയേനെ, റോണി ഫ്രം പ്രേമം.
പുതിയ പദ്ധതിക്ക് എല്ലാ ആശംസകളും’, എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചത്.
Also Read:ഐപിഎൽ 14-ാം സീസൺ പുനരാരംഭിക്കാനൊരുങ്ങി ബിസിസിഐ
പ്രേമം സിനിമയുടെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. റോണി വര്‍ഗീസ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. സിനിമയില്‍ ഒരു രംഗത്തില്‍ ‘നീ റോഡ് നന്നാക്കില്ലേഡാ, പെട്രോളിന് വില കൂട്ടുമല്ലേ’എന്നൊക്കെ പറഞ്ഞ് നിവിന്‍ പോളിയും കൂട്ടുകാരും തല്ലുന്ന രംഗമുണ്ട്. ഈ രംഗമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഓര്‍മിപ്പിച്ചത്.
റോഡ് റെഡിയാക്കാന്‍ ആപ്പ് എന്ന പേരിലാണ് പുതിയ മൊബൈല്‍ ആപ്പ് കൊണ്ടുവന്നത്. ഫോട്ടോ സഹിതം റോഡുകളുടെ അവസ്ഥയും പരാതികളും ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതികള്‍ പരിഹരിച്ച് ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments