ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഡല്‍ഹി അതിര്‍ത്തിയിലേയ്ക്ക് എത്തിക്കഴിഞ്ഞെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
Also Read: 13-ാം നമ്പറിന്റെ കാര്യത്തില്‍ തീരുമാനമായി; മന്ത്രിമാരുടെ വാഹനങ്ങള്‍ക്കുള്ള നമ്പറുകള്‍ അലോട്ട് ചെയ്തു
പഞ്ചാബിലെ കര്‍നാലിലെയും സമീപ പ്രദേശങ്ങളിലെയും ആളുകളാണ് സിംഘുവിലേയ്ക്ക് എത്തിയതെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞതോടെ നാട്ടിലേയ്ക്ക് മടങ്ങിയവരെല്ലാം പ്രതിഷേധ വേദികളിലേയ്ക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. സമീപകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ നാളെ ഹരിയാനയിലെ കമ്മീഷണര്‍ ഓഫീസ് ഉപരോധിക്കുമെന്നും എസ്‌കെഎം അറിയിച്ചു. ഇതിന്റെ ഭാഗമായി ഹരിയാനയില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മെയ് 26ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ആറ് മാസം പിന്നിടുന്നതിന്റെ ഭാഗമായാണ് കരിദിനം ആചരിക്കുന്നതെന്നും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധ സംഘടനകള്‍ അറിയിച്ചു. പ്രതിഷേധത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments