KeralaLatest NewsNews

മഴക്കാലം മുന്നില്‍ കണ്ട് ആരോഗ്യ സംവിധാനങ്ങളെ സജ്ജമാക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കി പിണറായി സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ വാക്കുകള്‍ : ഒന്നാം തല രണ്ടാം തല കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ കോവിഡ് നേരിടാന്‍ വേണ്ടി മാത്രമായി ഉണ്ടാക്കിയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ ശക്തമായ മഴ മൂലമുണ്ടായേക്കാവുന്ന പ്രളയങ്ങളോ മണ്ണിടിച്ചിലോ പോലുള്ള ദുരന്തങ്ങള്‍ ബാധിച്ചേക്കാം. ക്യാമ്പുകളില്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകാനുള്ള സാഹചര്യങ്ങളും മുന്‍കൂട്ടി കാണേണ്ടതുണ്ട്. അതോടൊപ്പം കോവിഡ് രോഗബാധയുള്ളവരുമായി ഇടകലരാനുള്ള സാധ്യതയും ക്യാമ്പുകളില്‍ ഉണ്ടാകാം. മണ്‍സൂണ്‍ കാലരോഗങ്ങളും മഴ ഉണ്ടാക്കുന്ന ദുരന്തങ്ങളില്‍ പെട്ടുണ്ടാകുന്ന അപകടങ്ങളും കാരണം ആശുപത്രികളിലെ സൗകര്യങ്ങള്‍ അപര്യപ്തമായേക്കാവുന്ന സാഹചര്യവും ഉടലെടുക്കാം.

ഈ പ്രശ്‌നങ്ങളെല്ലാം പരമാവധി മറികടക്കാന്‍ സാധിക്കുന്ന മുന്നൊരുക്കങ്ങള്‍ ആണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി പ്രളയവും മണ്ണിടിച്ചിലും ബാധിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളുടേയും സമഗ്രമായ ലിസ്റ്റ് തയ്യാറാക്കുകയാണ്. ഓരോ ആരോഗ്യ കേന്ദ്രത്തിലും അത്തരം ആപത്ഘട്ടങ്ങളില്‍ അവിടെ നിന്നും അടിയന്തരമായി മാറ്റേണ്ട ഉപകരണങ്ങളുടേയും മറ്റു വസ്തുക്കളുടേയും കൃത്യമായ ലിസ്റ്റ് തയ്യാറാക്കി വയ്ക്കും. അതോടൊപ്പം അവയെല്ലാം മാറ്റി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കുന്ന സാധ്യതാ സ്ഥലങ്ങളും കണ്ടു വയ്ക്കും.

പ്രധാന ആശുപത്രികളിലെല്ലാം മാസ് കാഷ്വാലിറ്റി ട്രയാജ് പ്രോട്ടോക്കോള്‍, അതായത്, വലിയ അത്യാഹിതങ്ങളെ എങ്ങനെ നേരിടാമെന്നുള്ളതിനുള്ള മാനദണ്ഡം നടപ്പിലാക്കും. അതിനാവശ്യമായ പരിശീലനങ്ങളും ഉറപ്പു വരുത്തും. ആശുപത്രികളുടെ കാര്യക്ഷമതാ പരിധിയ്ക്ക് മുകളിലോട്ട് പെട്ടെന്നു രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ സര്‍ജ് കപ്പാസിറ്റി പ്‌ളാനും തയ്യാറാക്കുകയും, നടപ്പിലാക്കാന്‍ ആവശ്യമായ പരിശീലനങ്ങളും നല്‍കും. അത്യാഹിത ഘട്ടങ്ങളോട് പിഴവില്ലാത്ത രീതിയില്‍ പ്രതികരിക്കാന്‍ സഹായകമായ ഹോസ്പിലറ്റ് എമര്‍ജന്‍സി റെസ്‌പോണ്‍സ് പ്ലാനും തയ്യാറാക്കി പരിശീലനം നല്‍കും. ഇത്തരം ഘട്ടങ്ങളില്‍ കൃത്യമായ ഏകോപനം ഉറപ്പു വരുത്തുന്നതിനായി ആശയവിനിമയ സംവിധാനവും ഒരുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button