തൃശൂര്‍: കേരളത്തിലെ റേഷന്‍ കടകളില്‍ കെട്ടിക്കിടന്ന 6 ലക്ഷം കിലോയോളം കടല നശിച്ചതായി കണ്ടെത്തല്‍. 5,96,707 കിലോ കടലയാണ് ഏഴ് മാസം റേഷന്‍ കടകളില്‍ കെട്ടിക്കിടന്ന് പൂപ്പല്‍ പിടിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴിയാണ് കടല കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരളത്തില്‍ എത്തിയത്.
14,250 റേഷന്‍ കടകളിലായി 59.6 ലോഡ് കടലയാണ് ഉപയോഗിക്കാനാകാതെ നശിച്ചുപോയത്. കെട്ടിക്കിടന്ന കടല കോവിഡ് ദുരിതാശ്വാസ കിറ്റില്‍ നല്‍കാനുള്ള തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ഫെബ്രുവരി അവസാനത്തോടെ ഇത് കോവിഡ് സമാശ്വാസ കിറ്റില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, മാര്‍ച്ചും ഏപ്രിലും കഴിഞ്ഞ് മെയ് മാസം അവസാനമായിട്ടും കെട്ടിക്കിടക്കുന്ന കടലയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ദിവസം വീണ്ടും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മാസങ്ങളോളമായി ഉപയോഗിക്കാതെ കിടന്ന കടല ഉപയോഗശൂന്യമായിരിക്കുകയാണ്. ഇതില്‍ ഭക്ഷ്യയോഗ്യമായവ വേര്‍തിരിച്ച് ഈ മാസത്തെ കിറ്റില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഗുണമേന്‍മ പരിശോധിച്ച ശേഷമേ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്. പുതിയ വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്ന് എങ്കിലും ഇത്തരം കാര്യങ്ങളില്‍ തീരുമാനമുണ്ടാകണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
Post Your Comments