കോഴിക്കോട്: വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായതു കൊണ്ടും കോൺഗ്രസും യു.ഡി.എഫും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വരുന്ന അഞ്ചു വർഷം കൊണ്ട് കോൺഗ്രസിന്റെ കഥ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്‌ക്കെതിരേ പറയുന്നതെന്നും അദ്ദേഹത്തിൽ ഒരു പ്രതീക്ഷയും കേരളം വച്ചുപുലർത്തേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ വർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പിക്ക് ബന്ധമില്ലെന്നും, കേസിൽ ബി.ജെ.പിയെ കുടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പൊലീസ് തലകുത്തി മറിഞ്ഞാലും ബി.ജെ.പിയെ കേസുമായി ബന്ധപ്പെടുത്താനാകില്ലെന്നും, ഇക്കാര്യത്തിൽ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചഴക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും, സൗമ്യയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു. സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
Post Your Comments