ഡൽഹി: കോവിഡ് രോഗികളിലും കോവിഡ് ബാധ ഭേദമായി വരുന്നവരിലും വ്യാപിക്കുന്ന ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ മൂന്ന് കാര്യങ്ങൾ ശ്രദ്ധവേണമെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ഡോക്ടർമാരും രോഗികളും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബ്ലാക്ക് ഫംഗസ് മരണം വിതക്കുന്നത് ഒരു വലിയ പരിധിവരെ തടയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗികളുടെ രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിച്ചു നിർത്തുക, സ്റ്റിറോയിഡ് ഉപയോഗിക്കേണ്ടി വരുന്ന രോഗികൾ രക്തത്തിലെ ഷുഗറിന്റെ അളവ് ഇടവിട്ട് പരിശോധിക്കുകയും കണിശമായി നിയന്ത്രിക്കുകയും ചെയ്യുക, രോഗികൾക്ക് സ്റ്റിറോയിഡ് കൃത്യമായ അളവിൽ, കൃത്യമായ സമയത്ത് നൽകുന്നത് സംബന്ധിച്ച് അതിജാഗ്രത പുലർത്തുക എന്നീ മൂന്ന് കാര്യങ്ങളാണ് ബ്ലാക്ക് ഫംഗസിനെ തടയുന്നതിൽ പ്രധാനം.
രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ കോവിഡ് ഭേദമാകുന്ന ഘട്ടത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ കാണപ്പെടുതെന്നും, കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധം ബ്ലാക്ക് ഫംഗസിന് കാരണമാകുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ രോഗവ്യാപന ഭീഷണി ഉയർത്തുമെന്നും എയിംസ് മേധാവി വ്യക്തമാക്കി.
കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ സ്റ്റിറോയിഡിന്റെ ഉപയോഗം കൂടിയത് ബ്ലാക്ക് ഫംഗസിന് കാരണമായിട്ടുണ്ടെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. കൂടിയ അളവിൽ സ്റ്റിറോയിഡ് നൽകുമ്പോൾ രക്തത്തിലെ ഷുഗറിന്റെ അളവ് വർധിക്കുകയും, ഇത് ബ്ലാക്ക് ഫംഗസ് സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് രൺദീപ് പറഞ്ഞു. കോവിഡ് വ്യാപനത്തിന് ശേഷം രാജ്യത്ത് ഏഴായിരത്തിലധികം ആളുകൾ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചുവെന്നാണ് കണക്കാക്കുന്നത്.
Post Your Comments