ന്യൂഡല്‍ഹി : കൊവിഡ് ബാധയ്ക്ക് പിന്നാലെ രാജ്യത്ത് ആശങ്കയായി കണ്ടെത്തിയ മ്യൂക്കോമൈക്കോസിസ് അല്ലെങ്കില്‍ ‘കറുത്ത ഫംഗസ്’ രോഗത്തിന് പിന്നാലെ ‘കാന്‍ഡിഡിയസിസ്’ എന്നറിയപ്പെടുന്ന ‘വൈറ്റ് ഫംഗസ്’ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തു. ബീഹാറിലാണ് അത്യധികം അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം നാല് പേരില്‍ കണ്ടെത്തിയത്.
Also Read:യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 1,490 പേര്‍ക്ക്
പാട്‌നയിലെ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ലക്ഷണങ്ങളോടെ എത്തിയവരിലാണ് ഈ അസുഖം കണ്ടെത്തിയത്. കൊവിഡ് പരിശോധനയില്‍ ഇവര്‍ നെഗറ്റീവായിരുന്നുവെങ്കിലും കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് അസുഖം കണ്ടെത്തിയത്.
ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, വൈറ്റ് ഫംഗസ് അണുബാധ ബ്ലാക്ക് ഫംഗസിനേക്കാളും അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു.
രോഗബാധ കണ്ടെത്തിയ നാല് പേര്‍ക്കും ആന്റിഫംഗല്‍ മരുന്നുകള്‍ നല്‍കി ചികിത്സ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, മസ്തിഷ്‌കം, സ്വകാര്യ ഭാഗങ്ങള്‍, വായ,ശ്വാസകോശം തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളെ ബാധിക്കുന്നതിനാല്‍ വെളുത്ത ഫംഗസ് അണുബാധ മ്യൂക്കോമൈക്കോസിസിനേക്കാള്‍ അപകടകരമാണ്.
കൊവിഡിന് പിന്നാലെ രാജ്യത്ത് പടരുന്ന ബ്‌ളാക്ക് ഫംഗസ് ഇതുവരെ 5,500 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. 126 പേര്‍ മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ മഹാരാഷ്ട്രയില്‍ മാത്രം 90 പേരാണ് മരിച്ചത്. കൊവിഡ് ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതരുള്ളത് ഹരിയാനയിലാണ്. 14 പേരാണ് അവിടെ മരിച്ചത്. ഉത്തര്‍പ്രദേശില്‍ എട്ടുപേര്‍ മരിച്ചു.
ജാര്‍ഖണ്ഡില്‍ നാല് പേരും ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ രണ്ടുപേരും കേരളം ബിഹാര്‍, അസം, ഒഡീഷ, ഗോവ എന്നിവിടങ്ങളില്‍ ഓരോരുത്തരും ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments