കൊവിഡ് രോഗികളില്‍ മിക്കവരും വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവരാണ് അധികവും ആശുപത്രിയില്‍ ചികിത്സ തേടുന്നത്.
പ്രധാനമായും ഭക്ഷണം അടക്കമുള്ള ദിനചര്യകളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുകയെന്നതാണ് കൊവിഡ് രോഗത്തെ ചെറുക്കാനുള്ള ഒരു മാര്‍ഗം. ചിട്ടയായ ഭക്ഷണക്രമം, ഉറക്കം, വിശ്രമം, ആരോഗ്യാവസ്ഥകള്‍ കൃത്യമായി നിരീക്ഷിക്കല്‍ എന്നിവയാണ് കൊവിഡ് രോഗികള്‍ പാലിക്കേണ്ട കാര്യങ്ങള്‍.
ഇപ്പോഴിതാ കൊവിഡ് രോഗികള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ്.
പ്രോട്ടീന്‍, അയേണ്‍ എന്നീ ഘടകങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കൊവിഡ് രോഗികള്‍ക്ക് ദിവസവും ബദാം കഴിക്കാം. ഫൈബര്‍ ധാരാളമടങ്ങിയ ഭക്ഷണവും കൊവിഡ് രോഗികള്‍ കഴിക്കേണ്ടതുണ്ട്. ഇതിനായി ബ്രേക്ക്ഫാസ്റ്റിന് റാഗി ദോശ, ഓട്ട്മീല്‍ എന്നിവ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
ശര്‍ക്കര, നെയ് എന്നിവയും കൊവിഡ് രോഗികള്‍ക്ക് നല്ലതാണ്. പോഷകസമൃദ്ധമാണ് എന്നതിനാലാണ് ഇവ കഴിക്കാനായി നിര്‍ദേശിക്കുന്നത്. ഊണിന് ശേഷമോ, അല്ലെങ്കില്‍ റൊട്ടി/ചപ്പാത്തി എന്നിവയ്ക്കൊപ്പമോ എല്ലാം ഇത് കഴിക്കാവുന്നതാണ്. അത്താഴത്തിനാണെങ്കില്‍ റൈസ്, പരിപ്പ്, പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത കിച്ച്ഡി ആണ് ഏറ്റവും ഉചിതം. ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാനും നല്ല ഉറക്കത്തിനുമെല്ലാം യോജിച്ച ഭക്ഷണമാണിത്.
കൊവിഡ് രോഗികള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വെള്ളം കുടിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം ഉറപ്പുവരുത്താന്‍ കൊവിഡ് രോഗികള്‍ ശ്രദ്ധിക്കുക.
Post Your Comments