തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃമാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് മാറിവരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മച്ചിപ്പശു തൊഴുത്ത് മാറിക്കെട്ടിയാല്‍ പ്രസവിക്കുമോയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.കെ ശൈലജയെ മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കാതിരുന്ന സംഭവത്തിലും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ശൈലജ ടീച്ചര്‍ നല്ല മന്ത്രിയായിരുന്നു. എന്നാല്‍, ശൈലജ ടീച്ചറിന് എന്താണ് മാഹാത്മ്യം ഉള്ളതെന്ന് ചോദിച്ച അദ്ദേഹം അങ്ങനെയാണെങ്കില്‍ മണിയാശാന് അതിലും മാഹാത്മ്യം ഇല്ലേയെന്നും ചോദിച്ചു.
വള്ളിനിക്കറിട്ട് രാഷ്ട്രീയത്തില്‍ വന്ന് രാഷ്ട്രീയത്തില്‍ നേതാവായി നില്‍ക്കണമെന്നുള്ള ശൈലിക്ക് മാറ്റം വരുത്തിയത് സൂപ്പറായെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പുതുമുഖങ്ങള്‍ വരണം. അപ്പോള്‍ പുതിയ ഭാവവും രൂപവും ഉണ്ടാകും. അത് രാജ്യത്തിനും ഭരണത്തിനും ഏറെ നന്മ ചെയ്യും. മുഖ്യമന്ത്രി വിളിച്ച് വരണമെന്ന് പറഞ്ഞിരുന്നതിനാലാണ് വന്നതെന്നും സത്യപ്രതിജ്ഞാ ചടങ്ങ് കുറ്റമറ്റതും ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ളതുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments