തിരുവനന്തപുരം: സമ്പദ് ഘടനയിലെ ഉത്പ്പാദന ശേഷി വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രംഗങ്ങളിലെ നേട്ടങ്ങൾ ശക്തിപ്പെടുത്തുമെന്നും സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി, സ്ത്രീസുരക്ഷ, എന്നിവയെ കൂടുതൽ ശാക്തീകരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം ഐടി, നൈപുണ്യവിദ്യ എന്നിവയെ പ്രയോജനപ്പെടുത്തി നൂതന വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ച് വർഷം കൊണ്ട് ഇല്ലാതാക്കും. ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി അവരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക നയം രൂപപ്പെടുത്തും. ആധുനിക സമ്പദ് ഘടനയിലെ മികച്ച തൊഴിലുകൾ സൃഷ്ടിക്കും. ആധുനികവും മികച്ച തൊഴിൽ ശേഷിയുമുള്ള സമ്പദ് ഘടനയുണ്ടാക്കും. 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കും. ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തും. തൊഴിലവസരം കൂടുതൽ ഉറപ്പാക്കും. ഒരാളെയും ഒഴിച്ചുനിർത്താത്ത വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക മേഖലയിൽ ഓരോ വിളയുടെയും ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യം നിശ്ചയിക്കും. നെല്ലിന്റെയും പച്ചക്കറിയുടെയും ഉൽപ്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷിയുണ്ട്. സഹകരണ മേഖലയുമായും ഫാർമർ പ്രൊഡ്യൂസർ കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും. മൂല്യവർധനവിനും മാർക്കറ്റിങിനും ശ്രദ്ധ കേന്ദ്രീകരിക്കും. നാളികേരത്തിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും സംസ്‌കരണത്തിന് വ്യവസായ ശാലകളുടെ ശ്രേണി സജ്ജമാക്കും. ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീർത്തട പദ്ധതി എന്നിവ ആവിഷ്‌കരിച്ച് ആസൂത്രണം നടത്താൻ തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികൾ ഒരുക്കും. വേനൽക്കാലത്ത് വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കും.
മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികൾ ഒരുക്കും. വേനൽക്കാലത്ത് വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കും. കൃഷിഭവനുകളെ സ്മാർട്ട് കൃഷിഭവനുകളാക്കി അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയർത്തും. കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളാകെ പരിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments