മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നു കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സി. ബാര്‍ജിലെ 26 ജീവനക്കാരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മുംബൈ തീരത്തുനിന്ന് 35 നോട്ടീക്കല്‍ മൈല്‍ അകലെ മുങ്ങിയ 261 പേരുണ്ടായിരുന്ന ബാര്‍ജിലെ 49 പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്.
ബാര്‍ജ് പി-305ല്‍നിന്ന് രക്ഷിച്ച 188 പേരുമായി ഐ.എന്‍.എസ്. കൊച്ചി മുംബൈ തുറമുഖത്ത് ഇന്നലെ രാവിലെ എത്തി. രക്ഷപ്പെടുത്തിയ മറ്റുരണ്ടുപേരുമായി ഐ.എന്‍.എസ്. കൊല്‍ക്കത്തയും എത്തി.
നാവികസേന കപ്പലുകളായ തെഗ്, ബെത്‌വ, ബിയാസ് എന്നിവയും പി-81 വിമാനവും സീ കിങ് ഹെലികോപ്‌ടറുകളും രക്ഷാദൗത്യം തുടരുകയാണ്.സ്‌ഥിതി വിലയിരുത്താന്‍ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒ.എന്‍.ജി.സി. ബാര്‍ജില്‍നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ മുതിര്‍ന്ന ഉദ്യോഗസ്‌ഥരുമായി സംസാരിച്ചു.
ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍(ഒ.എന്‍.ജി.സി.)യ്‌ക്കുവേണ്ടി കരാര്‍ അടിസ്‌ഥാനത്തില്‍ എന്‍ജിനീയറിങ് സ്‌ഥാപനമായ ആഫ്‌കോണ്‍സ് ഏര്‍പ്പാടാക്കിയ ബാര്‍ജ് പി-305, ഗാല്‍ കണ്‍സ്‌ട്രക്‌ടര്‍, സപ്പോര്‍ട്ട് സ്‌റ്റേഷന്‍-3 എന്നിവയാണ് അപകടത്തല്‍പ്പെട്ടത്.
ഗാല്‍ കണ്‍സ്‌ട്രക്‌ടറില്‍ നിന്നുള്ള 137 പേരെയും ചൊവ്വാഴ്‌ച രക്ഷിച്ചിരുന്നു. മുംബൈ ഹൈ എണ്ണപാടത്തിന് വടക്കുപടിഞ്ഞാറായി ഒഴുകിപ്പോയ സപ്പോര്‍ട്ട് സ്‌റ്റേഷന്‍ മൂന്നില്‍ 201 പേരുണ്ടായിരുന്നു. നങ്കൂരം നഷ്‌ടപ്പെട്ട് വടക്കോട്ട് ഒഴുകിപ്പോയ ഒ.എന്‍.ജി.സിയുടെ ഖനന കപ്പല്‍ സാഗര്‍ ഭൂഷണിലുണ്ടായിരുന്ന 101 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഗുജറാത്തിലെ പിപവാവ് തീരുത്തുനിന്ന് 15-20 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ട ഓഫ്‌ഷോര്‍ ടഗായ അദിതിയിലാണ് മറ്റൊരു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
പശ്‌ചിമ നാവിക കമാന്‍ഡിന്റെ കീഴില്‍ നാവികസേനയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. തീരരക്ഷാസേനയും ഒ.എന്‍.ജി.സിയും ദൗത്യത്തിന് പിന്തുണ നല്‍കുന്നുണ്ട്. ദശകങ്ങള്‍ക്കിടെ അറബിക്കടലിലുണ്ടായ ഏറ്റവും ശക്‌തമായ ചുഴലിക്കാറ്റായ ടൗട്ടെ ഗുജറാത്ത് അടക്കമുള്ള തീരസംസ്‌ഥാനങ്ങളില്‍ വന്‍നാശമാണ് വിതിച്ചത്. ഗുജറാത്തില്‍ മൂന്നും മഹാരാഷ്‌ട്രയില്‍ ആറും കര്‍ണാടകയില്‍ എട്ടും പേര്‍ മരിച്ചു. പതിനായിരക്കണക്കിനു വീടുകള്‍ തകരുകയും ഏക്കറുകണക്കിന് കൃഷിനശിക്കുകയും നിരവധി വൈദ്യൂതി തൂണുകള്‍ പിഴുതെറിയുകയും ചെയ്‌തിട്ടുണ്ട്.
Post Your Comments