മുംബൈ: കൊടുങ്കാറ്റില്‍ തകര്‍ന്ന ബാര്‍ജിലെ കുറെയേറെ ജീവനക്കാരെ ഐഎന്‍എസ് കൊച്ചി കപ്പല്‍ രക്ഷപ്പെടുത്തിയിരുന്നു. മരണത്തെ മുന്നില്‍ കണ്ട ശേഷമാണ് ഇവര്‍ ജീവിതത്തിലേക്ക് തിരികെ കയറിയത്. എന്നാൽ ഇപ്പോഴും നിരവധിപേരെ കാണാതായിരിക്കുകയാണ്. ഐഎന്‍എസ് കൊച്ചി എത്തിയില്ലായിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ബാര്‍ജിലെ സേഫ്റ്റി ഓഫിസറായ തൃപ്പൂണിത്തുറ സ്വദേശി ടിജോ.
കടലില്‍ നിന്നു രക്ഷപ്പെടുത്തി ഐഎന്‍എസ് കൊച്ചി എന്ന കപ്പലില്‍ മുംബൈ നാവിക ആസ്ഥാനത്ത് എത്തിച്ച 125 പേരില്‍ ഒരാളായ ടിജു മരണക്കയത്തില്‍ നിന്നു ജീവിതത്തിലേക്കു തിരികെ പ്രവേശത്തിന്റെ അമ്പരപ്പിലാണ് ഇപ്പോഴും. മുങ്ങുന്ന ബാര്‍ജില്‍ നിന്നു ലൈഫ് ജാക്കറ്റ് ധരിച്ചു കടലില്‍ ചാടിയ ടിജു 14 മണിക്കൂര്‍ ഒഴുകിനടന്ന ശേഷമാണു രക്ഷപ്പെട്ടത്. ‘നൂറു കിലോമീറ്ററിലേറെ വേഗത്തില്‍ ആഞ്ഞുവീശുകയായിരുന്നു കാറ്റ്. ആടിയുലയുന്ന ബാര്‍ജ് എങ്ങോട്ടോ ഒഴുകുന്നു.
വെള്ളം കയറി ഒരുവശം മുങ്ങിത്തുടങ്ങിയതോടെ, ഉയര്‍ന്നുനിന്നിരുന്ന മറുഭാഗത്തേക്ക് ഞങ്ങള്‍ നീങ്ങി. വീഴാതെ അള്ളിപ്പിടിച്ചു നിന്ന മണിക്കൂറുകള്‍. ഒടുവില്‍ രക്ഷകയായി ഐഎന്‍എസ് കൊച്ചി കപ്പല്‍ എത്തുന്നു. ആ കപ്പല്‍ അപ്പോള്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇതു പറയാന്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല’ എന്നാണ് ടിജോ മാധ്യമങ്ങളോട് പറയുന്നത്. ഒരുവശം ചരിഞ്ഞ് പാതി മുങ്ങി ഒഴുകവേയാണ് വൈകിട്ട് മൂന്നോടെ ഐഎന്‍എസ് കൊച്ചി അരികിലെത്തുന്നത്.
രക്ഷാദൗത്യവുമായി കപ്പല്‍ എത്തിയതോടെ ഞങ്ങളുടെ ബാര്‍ജിലുണ്ടായിരുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിച്ചു കടലിലേക്കു ചാടി. പിടിച്ചുകയറാന്‍ പറ്റുന്ന പ്രത്യേക വല ഐഎന്‍എസ് കൊച്ചിയുടെ നാലുവശത്തും രക്ഷാപ്രവര്‍ത്തകര്‍ വിരിച്ചു. എന്നാല്‍, എട്ടു മീറ്റര്‍ ഉയരത്തില്‍ വരെയായിരുന്നു അപ്പോള്‍ തിരമാലകള്‍. 2 മുതല്‍ 14 മണിക്കൂര്‍ വരെ കടലില്‍ ഒഴുകിനടന്ന ശേഷമാണ് പലര്‍ക്കും കപ്പലില്‍ കയറിക്കൂടാനായത് എന്നും ടിജോ പറയുന്നു.
Post Your Comments