KeralaLatest NewsNews

പാർട്ടി മാറുന്നത് മുതൽ കാലു വരുന്നത് വരെ നാട്ടു നടപ്പാണ്, ഇതിൽ അല്പം റിസ്ക് എലമെന്റ് ഉണ്ട്: മുരളി തുമ്മാരുക്കുടി

പാർട്ടിയുടെത് ധീരമായ തീരുമാനം, മന്ത്രിസഭയിൽ പുതുമുഖങ്ങൾ മതിയെന്നത് നല്ല തീരുമാനമെന്ന് മുരളി തുമ്മാരുക്കുടി

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ നിന്ന് കെ.കെ ശൈലജയെ ഒഴിവാക്കിയ നടപടിയിൽ സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ വിഭാഗം മേധാവിയും മലയാളിയുമായ മുരളി തുമ്മാരുകുടി. എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ ആകട്ടെ എന്നുള്ള പാർട്ടിയുടെ തീരുമാനം ഉണ്ടാക്കുന്ന സന്തോഷത്തിന്റെ മുന്നിൽ ഒന്നുമല്ല, ടീച്ചറെ ഒഴിവാക്കിയതെന്ന് മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കിൽ കുറിച്ചു. മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;

ഇവിടെയുണ്ടാകുമെന്നതിൻ സാക്ഷ്യമായ് …
കുറച്ചു ദിവസമായി ഫോൺ അടുത്ത് വെച്ചിട്ടേ കിടന്നുറങ്ങാറുള്ളൂ. പക്ഷെ വിളിയൊന്നും വന്നില്ല. മിസ്സ്ഡ് കോളും കണ്ടില്ല.
ഇന്ന് പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകൾ വന്നു. എൻറെ പേരില്ല. പോട്ടെ, എല്ലാത്തിനും അതിന്റെ സമയമുണ്ടല്ലോ.
സ്ത്രീകൾ മൂന്നു പേരുണ്ട്. വലിയ സന്തോഷം. യുവാക്കൾ പലരുണ്ട്. മന്ത്രിസഭയുടെ ശരാശരി പ്രായം അഞ്ചു വയസ്സെങ്കിലും കുറഞ്ഞിട്ടുണ്ട്. അതും സന്തോഷമാണ്. സുഹൃത്തുക്കൾ പലരും മന്ത്രിസഭയിൽ ഉണ്ട്. പക്ഷെ ആശംസ അർപ്പിക്കുന്നില്ല, പണിയാവരുതല്ലോ !! ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ല, അതിൽ വിഷമമുണ്ട്. ആർക്കാണ് വിഷമം ഉണ്ടാകാത്തത്. ‘
നിപ്പയുടെ കാലം മുതൽ കേരളത്തിന്റെ ആരോഗ്യരംഗത്തെ മുന്നിൽ നിന്നും നയിച്ച ആളാണ്. കൊറോണയുടെ കാലത്ത് ലോകത്തിന് തന്നെ മാതൃകയായ ആളാണ്. കേരളത്തിൽ ഏറ്റവും ഭൂരിപക്ഷത്തോടെ ജനങ്ങൾ വിജയിപ്പിച്ചു വിട്ട ഒരാളാണ്. ഇത്തരം ഒരാൾ മന്ത്രിസഭയിൽ തുടരുമെന്ന് സ്വാഭാവികമായും ആരും പ്രതീക്ഷിക്കും, ആഗ്രഹിക്കുകയും ചെയ്യും. പക്ഷെ ആ വിഷമം ഒന്നും എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ ആകട്ടെ എന്നുള്ള പാർട്ടിയുടെ തീരുമാനം ഉണ്ടാക്കുന്ന സന്തോഷത്തിന്റെ മുന്നിൽ ഒന്നുമല്ല.

Also Read:കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സി പി എം കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും

ഈ പാർട്ടി ഇന്നലത്തെ പാർട്ടിയോ ഇന്നത്തെ പാർട്ടിയോ അല്ല, നാളത്തെ പാർട്ടിയാണെന്നും, നാളെയും ഇവിടെ തന്നെ ഉണ്ടാകുമെന്നതിന്റെ തെളിവാണ് യുവാക്കൾ ഉൾപ്പടെ ഉള്ള പുതുമുഖങ്ങൾ ആയ മന്ത്രിമാരുടെ നിര. രാഷ്ട്രീയത്തിൽ ആളുകൾ ഇങ്ങനെ പൊതുവിൽ ചെയ്യാറില്ല. എളുപ്പ വഴിയിൽ ക്രിയ ചെയ്യാനാണ് രാഷ്ട്രീയപ്പാർട്ടികൾക്ക് താല്പര്യം. “never change a winning team” എന്നൊക്കെ പറയാം. പക്ഷെ പ്രയോഗത്തിൽ റിസ്ക് എടുക്കാനുള്ള മടി. ജയിച്ചവർ വീണ്ടും വീണ്ടും നിൽക്കുന്നു, രണ്ടോ മൂന്നോ തവണ ജയിച്ചു കഴിയുമ്പോൾ അവർ അതൊരു അവകാശമാക്കുന്നു. പറ്റുന്ന അധികാര സ്ഥാനങ്ങൾ ഒക്കെ കയ്യടക്കുന്നു. പ്രായാധിക്യം കൊണ്ട് കാര്യങ്ങൾ ഒന്നും കൈകാര്യം ചെയ്യാൻ കഴിവില്ലെങ്കിലും കസേരയിൽ പിടിച്ചിരിക്കുന്നു. അവർ മാറിയാൽ അവരുടെ മക്കളോ മക്കളുടെ മക്കളോ ഒക്കെ അധികാരത്തിൽ വരുന്നു, അല്ലെങ്കിൽ വരാൻ ശഠിക്കുന്നു. കുടുംബ ബിസിനസ്സ് പോലെ അത്തരം പ്രസ്ഥാനങ്ങൾ കാലക്രമത്തിൽ വരൾച്ച മുരടിക്കുന്നു, നശിക്കുന്നു. ഇത് ബിസിനസ്സിൽ മാത്രമല്ല രാഷ്ട്രീയത്തിലും സ്ഥിരം കാഴ്ചയാണ്. എന്നിട്ടും രാഷ്ട്രീയക്കാർ പഠിക്കുന്നില്ല എന്നതാണ് കഷ്ടം. നമ്മുടെ ചുറ്റിൽ തന്നെ ഇതിന്റെ എത്രയോ ഉദാഹരണങ്ങൾ ഉണ്ട്. അപ്പോൾ ഈ രീതി പിന്തുടരാതെ പുതുമുഖങ്ങൾക്ക് അവസരം നൽകുകയും അധികാരം അവകാശമായും ജന്മാവകാശമായും മാറാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു പാർട്ടി നമുക്കൊരു അതിശയമാണ്. ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഇതിൽ അല്പം റിസ്ക് എലമെന്റ് ഉണ്ട്. ഏറ്റവും നന്നായി പ്രവർത്തിക്കുകയും ജയിക്കും എന്ന് നൂറു ശതമാനം ഉറപ്പുള്ളതുമായ തോമസ് ഐസക്കിനെയും ജി സുധാകരനെയും ഒക്കെ മാറ്റി നിർത്തി മറ്റുള്ളവർക്ക് സീറ്റ് കൊടുക്കാൻ നിസ്സാരം രാഷ്ട്രീയ ധൈര്യം പോരാ. ജയിച്ചതിന് ശേഷം മന്ത്രിയാക്കാതിരിക്കുന്നത് പോലെ അല്ല തിരഞ്ഞെടുപ്പിന് മുൻപ് അവരെ മാറ്റി നിർത്തുന്നത്. ഇന്ത്യയിലെ സാഹചര്യത്തിൽ രണ്ടു റിസ്ക് ഉണ്ട്. ഒന്നാമത് മാറ്റി നിർത്തപ്പെടുന്നവർ എന്ത് ചെയ്യും എന്നറിയില്ല. പാർട്ടി മാറുന്നത് മുതൽ കാലു വരുന്നത് വരെ നാട്ടു നടപ്പാണ്. ജനങ്ങൾ എന്ത് ചെയ്യുമെന്നറിയില്ല. നന്നായി പ്രവർത്തിക്കുന്നവരെ മാറ്റി നിർത്തുമ്പോൾ എതിരാളിക്ക് കൊണ്ട് പോയി വോട്ട് ചെയ്യാനും മതി.

സ്വന്തം നേതാക്കളിലും പ്രവർത്തകരിലും വോട്ടർമാരിലും വിശ്വാസം ഉള്ള ഒരു പാർട്ടിക്ക് മാത്രമേ ഇത്തരം റിസ്ക് എടുക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ റിസ്ക് എടുക്കുന്ന രാഷ്ട്രീയ ധൈര്യം ഉള്ളത് കൊണ്ടാണ് ഈ പ്രസ്ഥാനം ഇവിടെ നില നിൽക്കുമെന്ന് നമുക്ക് വിശ്വാസം വരുന്നത്. പുതുമുഖങ്ങളുടെ ഈ മന്ത്രിസഭ ഏറെ സന്തോഷം നൽകുന്നു. ഇവരിൽ ഇതിന് മുമ്പുള്ളവരിലും കൂടുതൽ കഴിവുള്ളവർ ഉണ്ടായേക്കും. അത് നമുക്ക് കാത്തിരുന്ന് കാണാം. കേരള രാഷ്ട്രീയത്തിൽ ടീച്ചർ ഇനിയും കാണും എന്നതിലും എനിക്ക് ഒരു സംശയവും ഇല്ല. പി രാജീവിനെ രണ്ടാമത് രാജ്യസഭയിലേക്ക് അയക്കാതിരുന്നപ്പോഴും എത്രയോ ആളുകൾ അതാവശ്യപ്പെട്ടു, എന്തൊക്കെ സിദ്ധാന്തങ്ങൾ ഉണ്ടായി. ഇപ്പോൾ ആ രാജീവ് മന്ത്രിയാകുന്നു. അതുപോലെ പാർട്ടിയിലും ഗവെർന്മേന്റിനലും ടീച്ചറുടെ കഴിവുകൾ ഇനിയും ഈ സമൂഹത്തിനായി ഉപയോഗിക്കപ്പെടുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല. പക്ഷെ അധികാര സ്ഥാനങ്ങൾ സ്ഥിരമല്ലെന്നും പ്രവർത്തകരിൽ ആർക്കും അത് ലഭിക്കാമെന്നുള്ള സന്ദേശം ഇപ്പോൾ തന്നെ അണികൾക്ക് കിട്ടിക്കഴിഞ്ഞു. രാഷ്ട്രീയ സ്ഥാനമാനങ്ങൾ കുറച്ചു പേർക്ക് സ്ഥിരമായി കിട്ടുന്ന പാർട്ടികൾ ശോഷിച്ചു വരുന്നതും പുതുമുഖങ്ങളെ പരീക്ഷിക്കുന്ന പാർട്ടികൾ വിജയിച്ചു വരുന്നതും കേരള രാഷ്ട്രീയത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കും എന്നതിന് സംശയം വേണ്ട. യുവാക്കളെങ്കിലും അക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.
മുരളി തുമ്മാരുകുടി

shortlink

Related Articles

Post Your Comments

Related Articles


Back to top button