അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്. ഗുജറാത്തിലെ 12 ജില്ലകളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. വിവിധയിടങ്ങളില്‍ മരിച്ചവരുടെ എണ്ണം 45 ആയി.
Also Read: കോവിഡ് നിയന്ത്രണങ്ങൾ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 2,721 കേസുകൾ; വിശദ വിവരങ്ങൾ അറിയാം
സൗരാഷ്ട്രയിലെ അംറേലി ജില്ലയില്‍ മാത്രം 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാവ്‌നഗര്‍, ഗിര്‍ സോംനാഥ് എന്നിവിടങ്ങളിലായി എട്ട് പേര്‍ മരിച്ചു. 1998ന് ശേഷം ഗുജറാത്തിനെ ബാധിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ടൗട്ടേ. ചുഴലിക്കാറ്റില്‍ ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടാവുകയും ശക്തമായ കാറ്റില്‍ വൈദ്യുത തൂണുകളും മരങ്ങളും പിഴുതെറിയപ്പെടുകയും ചെയ്തു. നിരവധി വീടുകളും റോഡുകളും നശിക്കുകയും ചെയ്തിട്ടുണ്ട്.
ടൗട്ട ചുഴലിക്കാറ്റ് വീശിയ പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ വ്യോമനിരീക്ഷണം നടത്തി. ടൗട്ടേ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ച ഗുജറാത്തിന് അടിയന്തിര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയുടെ അടിയന്തിര ധനസഹായവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
Post Your Comments