ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഈ വർഷം ജൂലൈ മാസത്തോടെ കുറഞ്ഞേക്കുമെന്ന് വിദഗ്ധ സമിതി. ആറു മാസത്തിന് ശേഷം കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നും വിദഗ്ധ സമിതി വിലയിരുത്തുന്നു. ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി രൂപവത്കരിച്ച മൂന്നംഗ സമിതിയുടേതാണ് വിലയിരുത്തൽ.
Read Also: മാസ്‌ക് ധരിച്ചില്ല; നടുറോഡിൽ വെച്ച് സ്ത്രിയെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥർ
SUTRA(S-Susceptible, U-Undetected, T-Tested (positive)and Removed Approach) എന്ന രീതി ഉപയോഗിച്ചാണ് സമിതി ഇത്തരമൊരു നിഗമനത്തിലെത്തിയത്. മെയ് അവസാനത്തോടെ പ്രതിദിന കേസുകൾ 1.5 ലക്ഷമാകും. ജൂൺ അവസാനത്തോടെ കോവിഡ് കേസുകൾ പ്രതിദിനം ഇരുപതിനായിരമാകുമെന്നും സമിതി കണക്കു കൂട്ടുന്നു.
ഡൽഹി, ഗോവ, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, കർണാടക, മധ്യപ്രദേശ്, ഝാർഖണ്ഡ്, രാജസ്ഥാൻ, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗബാധ ഇതിനോടകം ഉച്ചസ്ഥായിയിൽ എത്തിക്കഴിഞ്ഞുവെന്നാണ് വിദഗ്ധർ. പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും മെയ് അവസാനത്തോടെ കോവിഡ് ഉച്ചസ്ഥായിയിലെത്തും.
ആറു മുതൽ എട്ടു മാസത്തിനകം കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നും ഇതിന്റെ ആഘാതത്തെ നിയന്ത്രിക്കാൻ കഴിയുമെന്നും സമിതി പ്രവചിക്കുന്നു. മൂന്നാം തരംഗം വ്യാപകമാവില്ലെന്നും വാക്സിനേഷൻ വഴി പ്രതിരോധശേഷി കൈവരിച്ചതിനാൽ ഒരുപാട് ആളുകൾക്ക് രോഗം ബാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
Post Your Comments