തിരുവനന്തപുരം : കെ രാധാകൃഷ്ണനെ ദേവസ്വം വകുപ്പ് മന്ത്രിയാക്കിയതിനെ ചരിത്രനിമിഷമെന്നും ആദ്യസംഭവമെന്നുമൊക്കെ പോസ്റ്റിടുന്ന സഖാക്കൾക്ക് ചരിത്രം പറഞ്ഞു കൊടുക്കുകയാണ് അഡ്വ. ശങ്കു ടി ദാസ്. കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രി ആവുന്നതിനെ ചരിത്രം തിരുത്തൽ എന്നൊക്കെ വിളിക്കുന്നത് ഒരർത്ഥത്തിൽ ശരിയാണെന്നും ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ആദ്യ ദളിത് ദേവസ്വം മന്ത്രിയാണ് ഇദ്ദേഹമെന്നും ശങ്കു ടി ദാസ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രി ആവുന്നതിനെ ചരിത്രം തിരുത്തൽ എന്നൊക്കെ വിളിക്കുന്നത് ഒരർത്ഥത്തിൽ ശരിയാണ്.
തിരുത്തുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ ചരിത്രം ആണെന്നേ ഉള്ളൂ.
കാരണം കെ. രാധാകൃഷ്ണൻ കേരളത്തിന്റെ ആദ്യ ദളിത് ദേവസ്വം മന്ത്രി അല്ല.
ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ആദ്യ ദളിത് ദേവസ്വം മന്ത്രിയാണ്.
കേരളത്തിനു മുൻപും ദളിത് വിഭാഗത്തിൽ നിന്നുള്ള ദേവസ്വം മന്ത്രിമാർ ഉണ്ടായിട്ടുണ്ട്.
1970 മുതൽ 77 വരെ തുടർന്ന സി. അച്യുത മേനോൻ മന്ത്രി സഭയിൽ തൃത്താലയിൽ നിന്നുള്ള ജനപ്രതിനിധി ആയിരുന്ന വെള്ള ഈച്ചരൻ ദേവസ്വം മന്ത്രി ആയിട്ടുണ്ട്.
1973ൽ ഗുരുവായൂർ അമ്പലത്തിലെ വിളക്ക് മാടം പുതുക്കി പണിതതും സമർപ്പിച്ചതും ഒക്കെ അദ്ദേഹമാണ്.
അതിനെ പറ്റി ഗുരുവായൂർ ദേവസ്വം പേജ് ഇക്കഴിഞ്ഞ വിഷുവിനു പങ്കു വെച്ച പോസ്റ്റ് ഇപ്പോളും അവിടെയുണ്ട്. 1977 മാർച്ചിൽ അധികാരത്തിൽ വന്ന കെ. കരുണാകരൻ മന്ത്രിസഭയിലും അദ്ദേഹം രാജി വെച്ചതിനെ തുടർന്ന് ഒരു മാസത്തിനകം അധികാരത്തിൽ വന്ന എ.കെ. ആന്റണി മന്ത്രിസഭയിലും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ദളിത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള ചേലക്കര എം.എൽ.എ ആയിരുന്ന കെ.കെ ബാലകൃഷ്ണൻ ആയിരുന്നു.
അക്കാര്യം വിശദീകരിച്ചും അക്കാലത്തെ സഭാ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയും അദ്ധേഹത്തിന്റെ മകനായ കെ.ബി. ശശികുമാർ അല്പം മുൻപ് ഒരു ഫേസ്ബുക് പോസ്റ്റ് എഴുതിയിട്ടുണ്ട്. അതിന് ശേഷം വന്ന 1978 മുതൽ 79 വരെയുള്ള ഒരൊറ്റ വർഷം മാത്രം തുടർന്ന പി.കെ.വി മന്ത്രിസഭയിലും ദളിത് വിഭാഗക്കാരൻ ആയിരുന്നു ദേവസ്വം മന്ത്രി.
പന്തളം എം.എൽ.എ ആയിരുന്ന ദാമോദരൻ കാളാശ്ശേരി.
2019ലാണ് അദ്ദേഹം മരിക്കുന്നത്.
അന്ന് മാതൃഭൂമി കൊടുത്ത വാർത്തയിലും അദ്ദേഹം ദേവസ്വം മന്ത്രി ആയിരുന്ന കാര്യം പരാമർശിക്കുന്നുണ്ട്. പക്ഷെ ഈ മൂന്ന് പേരുടെയും കാര്യത്തിൽ ഉള്ള വ്യത്യാസം അവർ കോൺഗ്രസ്സ് നേതാക്കളായിരുന്നു എന്നതാണ്. അത് കൊണ്ട് തന്നെ അത് വിപ്ലവമായോ നവോത്ഥാനമായോ ഒന്നും ആരും കൊട്ടിഘോഷിച്ചില്ല.
എല്ലാവരും അതൊരു സാധാരണവും സ്വഭാവികവുമായ കാര്യമായാണ് സ്വീകരിച്ചത്.
ആരും എതിർക്കുകയോ ആരും പെരുമ്പറ കൊട്ടുകയോ ചെയ്തില്ല.
പക്ഷെ കെ. രാധാകൃഷ്ണൻ ദേവസ്വം വകുപ്പിലേക്ക് വരുമ്പോൾ അതൊരു വിപ്ലവമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം തിരുത്തിയ വിപ്ലവം.
അത് കൊണ്ട് അത് അണികൾക്ക് ആഘോഷിക്കാവുന്നതുമാണ്.
ആ ബഹളത്തിൽ കേന്ദ്ര കമ്മിറ്റി അംഗവും മുൻ സ്പീക്കറും നാലാം തവണ എം.എൽ.എയും മുൻപ് മന്ത്രിയായി പ്രവർത്തിച്ച പരിചയമുള്ള മന്ത്രിസഭയിലെ ഒരേയൊരു അംഗവും ആയ രാധാകൃഷ്ണനെ താരതമ്യേനെ പ്രാധാന്യം കുറഞ്ഞ വകുപ്പ് നൽകി ഇകഴ്ത്തി എന്ന ആക്ഷേപങ്ങളെ മുക്കി കളയുകയും ആവാമല്ലോ.
Post Your Comments