
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതില്‍ രാഷ്ട്രീയപരമായ വന്‍ എതിര്‍പ്പുകളാണ് ഉയരുന്നത്. ലീഗ് പത്രത്തില്‍ വന്ന വാര്‍ത്തയും അത്തരത്തിലുള്ളതായിരുന്നു . എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി സി.പി.എം നേതാവ് പി.ജയരാജന്‍ രംഗത്തെത്തി. ‘വിജയന്‍ കുടുംബം കേരളം ഭരിക്കും’ എന്ന തലക്കെട്ടില്‍ മുസ്ലീം ലീഗ് മുഖപത്രത്തില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെയാണ് പി. ജയരാജന്‍ ലീഗിനെതിരെ മറുപടിയുമായി രംഗത്ത് എത്തിയത്.
Read Also : കോൺഗ്രസ്സ് 4 പതിറ്റാണ്ടപ്പുറത്ത് ചെയ്ത വിപ്ലവമാണ്, പിണറായിയും പാർട്ടിയും ഇന്ന് ചെയ്തത്; രാഹുൽ മാങ്കൂട്ടത്തിൽ
മുഹമ്മദ് റിയാസ് പിണറായി വിജയന്റെ മകളുടെ ഭര്‍ത്താവായതിന് ശേഷമല്ല നേതാവായത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് തലം മുതല്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. നിരവധി സമരമുഖങ്ങളില്‍ പൊലീസ് ഭീകരത അനുഭവിച്ച ആള്‍ കൂടിയാണ്. അല്ലാതെ അഴിമതി കേസില്‍ കൃത്യമായ തെളിവോടെ പിടിക്കപ്പെട്ട ഇബ്രാഹിം കുഞ്ഞിന്റെ മകനെ പോലെയല്ല റിയാസെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ചുരുക്കത്തില്‍ കളമശേരി സീറ്റില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ച ഗഫൂറിനെ പോലെയോ വര്‍ഗീയതയും അഴിമതിയും തന്റെ തൊപ്പിയില്‍ ചാര്‍ത്തിയ അഴീക്കോട്ടെ ലീഗ് സ്ഥാനാര്‍ത്ഥിയെ പോലെയോ അല്ലെന്ന് വ്യക്തം. ഇതെല്ലാം ബോദ്ധ്യമുള്ള വായനക്കാരുടെ മുന്‍പിലാണ് ലീഗ് പത്രം ഇത്തരമൊരു തലക്കെട്ട് നല്‍കിയതെന്നും ജയരാജന്‍ പറയുന്നു.
മറ്റൊന്ന് കെ.കെ. ശൈലജയെ കുറിച്ചാണ്. ഇത്രയും കാലം ഇവര്‍ ശൈലജ ടീച്ചറെ വിളിച്ചിരുന്നത് എന്താണെന്ന് ഈ സമൂഹത്തിന് അറിയാം. അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയില്‍ ആക്ഷേപിച്ചവരാണ് ഇപ്പോള്‍ പുകഴ്ത്തലുമായി രംഗത്ത് വന്നിട്ടുള്ളത്. കെ.പി.സി.സി പ്രസിഡന്റ് ടീച്ചറെ ആക്ഷേപിച്ചത് ജനങ്ങള്‍ മറന്നിട്ടില്ല. എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാവണം എന്നത് ജനാധിപത്യപരമായ ചര്‍ച്ചയ്ക്ക് ശേഷമെടുത്ത തീരുമാനമാണ്. സി.പി.എമ്മിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും ഇത്തരമൊരു ദൃഢമായ തീരുമാനമെടുക്കാന്‍ സാധിക്കുകയില്ല.
കോണ്‍ഗ്രസ്/ലീഗ് നേതാക്കളെ പോലെ മന്ത്രിയാവാനോ എം.എല്‍.എ ആകാനോ വേണ്ടിയല്ല സി.പി.എം നേതാക്കള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. സംഘടനാ രംഗത്തായാലും പാര്‍ലമെന്ററി രംഗത്തായാലും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് ഏതൊരു സി.പി.എം പ്രവര്‍ത്തകന്റെയും കടമ.
Post Your Comments