കൂൺ ഉപഭോഗം കാൻസർ സാധ്യത കുറയ്ക്കുന്നതായി പഠന റിപ്പോർട്ട്. ദിവസവും 18 ഗ്രാം കൂൺ കഴിച്ച ആളുകൾക്ക് കൂൺ കഴിക്കാത്തവരെ അപേക്ഷിച്ച് 45 ശതമാനം കാൻസർ സാധ്യത കുറവാണെന്ന് തെളിഞ്ഞതായി ‘അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
19,500 ൽ അധികം കാൻസർ രോഗികളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഗവേഷകർ, കൂൺ ഉപഭോഗവും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിശോധിച്ചു. വിറ്റാമിനുകളും പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Read Also : കൊവിഡ് പരിശോധനയ്ക്കുപയോഗിക്കുന്ന നേസൽ സ്വാബ് മൂക്കിൽ ഒടിഞ്ഞിരുന്നതായി പരാതി
വൈറ്റ് ബട്ടൺ, ക്രെമിനി മഷ്റൂം, പോർട്ടബെല്ലോ കൂൺ എന്നിവയേക്കാൾ ഉയർന്ന അളവിൽ ‘അമിനോ ആസിഡ് എർഗോത്തിയോണിൻ’ (amino acid ergothioneine) ഷിയാറ്റേക്ക്, മൈറ്റേക്ക്, കിംഗ് ഓയിസ്റ്റർ കൂൺ എന്നിവയിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഏതെങ്കിലും തരത്തിലുള്ള കൂൺ അവരുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പെൻ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകനും പബ്ലിക് ഹെൽത്ത് സയൻസസ്, ഫാർമക്കോളജി പ്രൊഫസറുമായ ജോൺ റിച്ചി പറഞ്ഞു.
സ്ഥിരമായി കൂൺ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു. കാൻസറിനെ തടയുന്ന ആരോഗ്യകരമായ ഭക്ഷണരീതികൾ ശീലമാക്കുന്നതിന് ഈ ഗവേഷണം സഹായകമാകുമെന്നാണ് കരുതുന്നതെന്ന് ഗവേഷകർ പറയുന്നു.
Post Your Comments