ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് പിന്നാലെ ഡല്‍ഹിയ്ക്ക് ആശ്വാസമേകി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4482 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 265 പേര്‍ മരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം 5,000ത്തില്‍ താഴെയായി തുടരുകയാണ്.
6.89 ശതമാനമാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഏതാനും നാളകളായി ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 36.2 ശതമാനമാണ് ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ഡല്‍ഹിയിലെ ലോക്ക് ഡൗണ്‍ ഫലപ്രദമായിരുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടുത്തിടെ പറഞ്ഞിരുന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9403 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,29,899 ആയി ഉയര്‍ന്നു. 22,111 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 14,02,873 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ 50,863 പേരാണ് നിലവില്‍ വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്.
Post Your Comments