തിരുവനന്തപുരം : എന്‍.സി.പിയിൽ മന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. ഇതോടെ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഇന്ന് മന്ത്രിയെ തീരുമാനിക്കും. എകെ ശശീന്ദ്രനും തോമസ് കെ തോമസും മന്ത്രിയായേ മതിയാകൂവെന്ന വാശി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. എന്നാൽ , അടി തുടര്‍ന്നാല്‍ എന്‍ സിപിയുടെ മന്ത്രിസ്ഥാനം തിരിച്ചെടുക്കുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍.
അതേസമയം, മാണി സി കാപ്പനെ ഇടതുപക്ഷത്തു നിന്ന് ചാടിച്ചതില്‍ പ്രധാനി എകെ ശശീന്ദ്രനാണ്. തുടര്‍ഭരണമുണ്ടായാല്‍ മന്ത്രിപദവി ലക്ഷ്യമിട്ടായിരുന്നു അത്. തോമസ് കെ തോമസ് തനിക്കൊപ്പം നില്‍ക്കുമെന്നും കരുതി. എന്നാല്‍ ശശീന്ദ്രനുമായി ഉടക്കിലായ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ തോമസ് കെ തോമസിനെ രംഗത്തിറക്കി ചര്‍ച്ച സജീവമാക്കി. ഇതോടെയാണ് അടിമൂക്കുന്നത്. രണ്ടു പേര്‍ക്കും ഇപ്പോള്‍ മന്ത്രിയായേ മതിയാകൂവെന്ന നിലപാടാണുള്ളത്.
ശശീന്ദ്രന്‍ വിഭാഗവും ടി.പി. പീതാംബരന്‍ മാസ്റ്ററെ പിന്തുണയ്ക്കുന്നവരും ഒരുക്കങ്ങള്‍ നടത്തിയാണ് യോഗത്തിന് എത്തുന്നത്. എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പത്ത് ജില്ലാ പ്രസിഡന്റുമാര്‍ നേരത്തേതന്നെ ദേശീയ നേതൃത്വത്തിന് കത്തുനല്‍കിയിട്ടുണ്ട്. എന്നാല്‍, ജില്ലാ പ്രസിഡന്റുമാര്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. സംസ്ഥാന ഭാരവാഹികളില്‍ ഭൂരിഭാഗം തങ്ങളോടൊപ്പമാണെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നുണ്ട്. ഈ യോഗത്തിലെ ഭൂരിപക്ഷം എന്തായാലും പ്രഫുല്‍ പട്ടേലിന്റെ വാക്കിന് പ്രാധാന്യം കിട്ടും. പിസി ചാക്കോയും തീരുമാനങ്ങളിലെ നിര്‍ണ്ണായക ഘടകമാകും.
Post Your Comments