ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് നിര്‍ദ്ദേശവുമായി മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. രാജ്യത്ത് കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകണമെങ്കില്‍ ബിജെപിയെ പോലെ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് ബിജെപിയെപ്പോലെ വലിയ ക്യാന്‍വാസില്‍ ചിന്തിക്കണം. കൊച്ചു പാര്‍ട്ടിയാണെന്നും ആകെ ക്ഷീണിച്ചുപോയിട്ടുണ്ടെന്നുമുള്ള ചിന്തയാണ് ബംഗാള്‍, അസം തെരഞ്ഞെടുപ്പില്‍നിന്നു ലഭിച്ച പാഠം. എന്നാല്‍, സാധ്യതയില്ലാത്ത ഇടങ്ങളില്‍പ്പോലും വലിയ ക്യാന്‍വാസില്‍ ചിന്തിക്കുകയെന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. ഇക്കാര്യം കേണ്‍ഗ്രസിനും സാധ്യമാകുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.
അതേസമയം, ബംഗാളില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായും അസമില്‍ എഐയുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലുകളെ ഖുര്‍ഷിദ് തള്ളിക്കളഞ്ഞു. പരാജയപ്പെടുമ്പോള്‍ ഇത്തരം വിലയിരുത്തലുകള്‍ സ്വാഭാവികമാണെന്നും വിജയിക്കുകയാണെങ്കില്‍ അതിന് മറ്റ് തരത്തിലുള്ള വിശദീകരണങ്ങളാണ് ഉണ്ടാകുകയെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Post Your Comments