കോന്നി: കോവിഡ് ബാധിച്ചു മരിച്ച മലങ്കര മാർത്തോമ സുറിയാനി സഭയുടെ സീനിയർ വൈദികൻ റവ. കെ എം ഐസക്കിന്റെ സംസ്കാരം ഡിവൈഎഫ്ഐ വള്ളിക്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയതായി വന്ന വാർത്തക്കെതിരെ പ്രതികരണവുമായി സഭ. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം സി സുമേഷ്, അർജുൻ വിജയ്, ജോസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് സംസ്കാരം നടന്നതെന്നായിരുന്നു വാർത്ത.
എന്നാൽ ഇതിനെതിരെ മലങ്കര മാർത്തോമ സുറിയാനി സഭ തന്നെ രംഗത്തെത്തി. അസത്യം പ്രചരിപ്പിക്കരുതെന്നും യഥാർത്ഥത്തിൽ എന്താണ് നടന്നതെന്നും വ്യക്തമാക്കി സഭയുടെ ഫേസ്‌ബുക്ക് പേജിൽ പ്രസ്താവന വന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
ബഹുമാനപ്പെട്ട കെ. എം. ഐസക്ക് അച്ചന്‍ രോഗാവസ്ഥയില്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന് ഇടവക വികാരി റവ. ഏബ്രഹാം തോമസ് അച്ചന്‍ അറിയിച്ചത് മുതല്‍ അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമേനി കാര്യങ്ങള്‍ അന്വേഷിക്കുകയും സഭാ സെക്രട്ടറി എന്ന നിലയില്‍ അച്ചന്റെ ചികത്സയും ആരോഗ്യവും സംബന്ധിച്ച വിവരങ്ങൾ തിരുമേനിയെ അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. മേയ് പതിമൂന്നാം തീയതി രാവിലെ അച്ചന്റെ മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയില്‍ ഞാന്‍ എത്തുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തതിനു ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ വച്ചിട്ടാണ് ഉച്ചകഴിഞ്ഞ് തിരികെ വന്നത്.
അച്ചന്റെ മുഴുവന്‍ ബില്ലുകളും സഭാ ആഫീസില്‍ നിന്നും കൊടുക്കുകയും സംസ്ക്കാരത്തിനായുള്ള ക്രമീകരണങ്ങള്‍ DMO അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിക്കുകയും അപ്രകാരം ക്രമീകരുക്കുകയും ചെയ്തു. ലോക്ക് ഡൌണ്‍ന്റെയും മറ്റു പരിമിതികളുടെയും പശ്ചാതലത്തിൽ COVID പ്രൊട്ടോക്കോള്‍ പ്രകാരമാണ് മേയ് 15 ലെ ശവസംസ്കാരം ഏറ്റവും യോഗ്യമായി നടന്നത്. അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെയും ഡോ. ഏബ്രഹാം മാര്‍ പൌലോസ് തിരുമേനിയുടെയും സഭാ സെക്രട്ടറി, മറ്റ് വൈദികര്‍ എന്നിവരുടെയും സാനിധ്യത്തിലാണ് പ്രീയ അച്ചനു സഭയും കുടുബവും ദേവാലയത്തില്‍ വച്ച് യാത്രയയപ്പ് നല്‍കിയത്.
ഇതിന്റെ ശേഷം യാഥാര്‍ത്ഥ്യം മറച്ചു കൊണ്ട് ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ യുവജന സംഘടന തങ്ങളുടെ നേതൃത്വത്തിലാണ് ശവസംസ്കാരം നടത്തിയത് എന്ന വാര്‍ത്ത ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചതു തികച്ചും ഖേദകരമായ പ്രവര്‍ത്തിയാണ്. നാം ഇന്ന് അഭിമുഖീകരിക്കുന്ന ഈ മഹാവ്യാധിയെ വ്യത്യസ്തതകള്‍ക്ക് അതീതമായി ചേര്‍ന്ന് നിന്ന് കൊണ്ട് അതിജീവിക്കാന്‍ ശ്രമിക്കുകയും പരസ്പരം കൈത്താങ്ങുമായി മുന്‍പോട്ടു നീങ്ങുമ്പോള്‍ തെറ്റിധാരണാജനകമായ വ്യാജ അവകാശവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനവും വേദനാജനകവുമാണ്.
ഒപ്പ്
റവ. കെ. ജി. ജോസഫ്
മാര്‍ത്തോമ്മാ സഭാ സെക്രട്ടറി
16-05-2021
Post Your Comments