ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് 88 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്‍കിയത്. 88,69,440 ഡോസുകള്‍ കേരളത്തിന് നല്‍കിയെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
ഇതുവരെ വിതരണം ചെയ്തതില്‍ 84,15,457 ഡോസുകള്‍ കേരളം ഉപയോഗിച്ചു. ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 4,53,983 ഡോസുകള്‍ ബാക്കിയുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 20,76,10,230 സൗജന്യ വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതില്‍ പാഴായി പോയത് ഉള്‍പ്പെടെ ആകെ 18,71,13,705 ഡോസുകള്‍ ഇതുവരെ ഉപയോഗിച്ചു.
എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോള്‍ 2,04,96,525 ഡോസുകളുണ്ടെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 2,94,660 അധിക ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു. ജൂലൈ മാസത്തോടെ 51 കോടിയിലധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഡിസംബറിനുള്ളില്‍ രാജ്യത്ത് 200 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
Post Your Comments